
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺഷിപ്പ് കാർഡുള്ള പ്രവാസി ഇന്ത്യക്കാർക്ക് പുതിയ വിസനിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ഒ.സി.ഐ കാർഡുള്ളവർ തബ് ലീഗ് ഉൾപ്പെടെയുള്ള മിഷണറി പ്രവർത്തനങ്ങൾ, മാദ്ധ്യമപ്രവർത്തനം എന്നിവയിൽ ഏർപ്പെടണമെങ്കിൽ ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം.
വിദേശ നയതന്ത്ര മിഷനുകളിൽ ഗവേഷണം, ഇന്റൺഷിപ്പ് എന്നിവയ്ക്കും നിയന്ത്രണങ്ങളുള്ളതോ സംരക്ഷിതമോ ആയ പ്രദേശങ്ങൾ സന്ദർശിക്കാനും മുൻകൂർ അനുമതി വാങ്ങണം.
മേൽവിലാസം മാറുന്നവർ അക്കാര്യം എഫ്.ആർ.ആർ.ഒ ഓഫീസിൽ അറിയിക്കണം. ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കുന്നതിന് എൻ.ആർ.ഐകളെയും ഒ.സി.ഐ കാർഡുള്ളവരെയും ഒരുപോലെ പരിഗണിക്കും.
കൊവിഡ് കാലത്ത് ഡൽഹിയിലെ തബ്‌ലീഗ് മതസമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ.