
ന്യൂഡൽഹി: വനിതാ ലൈംഗികത്തൊഴിലാളികളെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തെയും രക്തദാനം നടത്തുന്നതിൽ നിന്നും വിലക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി സുപ്രീംകോടതി നോട്ടീസ് അയച്ചു. ഈ വിഭാഗത്തിൽപ്പെട്ടവർ രക്തദാനം നടത്തുന്നത് വിലക്കുന്ന മാർഗനിർദ്ദേശത്തിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. ശാസ്ത്രീയ വിഷയങ്ങളിൽ കോടതിക്ക് വൈദഗ്ദ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലും ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനും ചേർന്ന് 2017ലാണ് രക്തദാനം ചെയ്യുന്നതിനുള്ള കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഇതിലെ 12, 51 വ്യവസ്ഥകൾ അനുസരിച്ച് ട്രാൻസ്‌ജെൻഡർ, സ്വവർഗാനുരാഗികളായ പുരുഷൻമാർ, വനിതാ ലൈംഗികത്തൊഴിലാളികൾ എന്നിവർ എച്ച്.ഐ.വി ബാധിക്കാൻ ഉയർന്ന സാദ്ധ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്തദാനത്തിൽ നിന്ന് വിലക്കിയത്.
ഇതിനെതിരെ ട്രാൻസ്ജെൻഡറായ തംഗ്ജാം സാന്റാ സിംഗാണ് കോടതിയെ സമീപിച്ചത്.
രക്തദാനത്തിന് മുമ്പ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി എന്നിവ പരിശോധിക്കാറുണ്ട്. എന്നിട്ടും ലിംഗ വ്യത്യാസത്തിന്റെയും അഭിരുചികളുടെയും പേരിൽ ഒരു വിഭാഗത്തെ മാറ്റി നിറുത്തുന്നത് അശാസ്ത്രീയവും ഭരണഘടനാപ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശം ലംഘിക്കുന്നതുമാണെന്നും ഹർജിയിൽ പറയുന്നു.