indigo-airlines

 സംഭവം ഡൽഹി വിമാനത്താവളത്തിൽ

ന്യൂഡൽഹി: കൊവിഡ് പോസിറ്റീവാണെന്ന വിവരം വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരൻ വെളിപ്പെടുത്തിയതോടെ ഡൽഹി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ. വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
വിമാനം പറന്നുയരാനായി റൺവേയിലെത്തിയപ്പോഴാണ് താൻ കൊവിഡ് പോസിറ്റീവാണെന്ന വിവരം ഒരു യാത്രക്കാരൻ ക്രൂവിനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചതിനുള്ള മെഡിക്കൽ രേഖകളും കാണിച്ചു. ഇതോടെ ജീവനക്കാരും യാത്രക്കാരും ആശങ്കയിലായി. ഉടൻ പൈലറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ടേക്ക് ഒഫ് ഒഴിവാക്കി, വിമാനം റൺവേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് കൊവിഡ് ബാധിതനായ യാത്രക്കാരനെ ആംബുലൻസിൽ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് ബാധിതനായ യാത്രക്കാരൻ ഇരുന്ന സീറ്റിന് സമീപത്തെ മൂന്ന് നിരകളിലെയും യാത്രക്കാരെ പുറത്തിറക്കി പ്രത്യേകമായി ഐസൊലേറ്റ് ചെയ്തു. തുടർന്ന് സീറ്റുകൾ അണുവിമുക്തമാക്കി. സീറ്റുകവറുകളും മാറ്റി. ബാക്കിയുള്ള യാത്രക്കാർക്കെല്ലാം പി.പി.ഇ കിറ്റുകൾ നൽകി. മുൻകരുതൽ നടപടികൾ പൂ‌ർത്തിയാക്കി ഏറെ വൈകിയശേഷമാണ് വിമാനം പുറപ്പെട്ടത്.