farmers-strike

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, പ്രതികൂല കാലാവസ്ഥയെയും പൊലീസ് നടപടികളെയും മറികടന്ന് ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷക സമരം നൂറ് ദിനം പിന്നിട്ടു. ഇതിന്റെ ഭാഗമായി ഇന്ന് കുണ്ട്ലി മനേസർ പൽവാൽ എക്‌സ്‌പ്രസ് വേ കർഷകർ 5 മണിക്കൂർ പൂർണമായും ഉപരോധിക്കും. ടോളുകൾ തുറന്നു കൊടുക്കും. രാവിലെ 11 മുതൽ നാലുവരെ എക്‌സ്‌പ്രസ് വേയിലെ വിവിധയിടങ്ങളിൽ ഗതാഗതം തടയും. രാജ്യവ്യാപകമായി കരിദിനാചരണവും നടത്തും. വീടുകളിലും ഓഫീസുകളിലുമൊക്കെ കേന്ദ്ര സർക്കാരിനെതിരെ കരിങ്കൊടി നാട്ടും. കറുത്ത ബാഡ്ജ് ധരിക്കും. സിംഘു, തിക്രി, ഗാസിപ്പൂർ തുടങ്ങിയ സമരകേന്ദ്രങ്ങളിലെ കർഷകർ ഉപരോധത്തിൽ പങ്കാളികളാകും.
ഡൽഹിയിലേക്ക് പ്രവേശിക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും പൊലീസും കേന്ദ്രസേനകളും പരിശോധന ഊർജിതമാക്കി.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സന്നാഹവും ഏർപ്പെടുത്തി.
കഴിഞ്ഞ നവംബർ 26നാണ് ദില്ലി ചലോ മാർച്ച് തുടങ്ങിയതെങ്കിലും ഡൽഹി അതിർത്തിയിൽ തമ്പടിച്ച് സമരം തുടങ്ങിയത് 27 മുതലായിരുന്നു.

ഡൽഹിയോട് ചേർന്നുള്ള സിംഘു, തിക്രി, ഗാസിപ്പൂർ, ഡൽഹി - ജയ്‌പൂർ ദേശീയപാതയിലെ ഷാജഹാൻപൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ കർഷക പ്രക്ഷോഭമുള്ളത്. സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികൾ പൂർണമായി സ്തംഭിച്ചു കിടക്കുകയാണ്.

സമരത്തിനിടെ കടുത്ത ശൈത്യത്തിലും അപകടത്തിലും മറ്റുമായി 240ലേറെ പേ‌ർ മരിച്ചു. വേനൽ വരുന്നതിനാൽ വൻതോതിൽ കൂളറുകൾ സ്ഥാപിച്ചും കുടിവെള്ളത്തിനായി കുഴൽക്കിണറുകൾ നിർമ്മിച്ചും വൻ തയാറെടുപ്പുകളുമായി തളരാതെ മുന്നോട്ടുപോകുകയാണ് കർഷകർ.