
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകില്ലെന്ന അഭ്യൂഹങ്ങളെ ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന തിരുത്തൽവാദി നേതാക്കൾ തള്ളി. ക്ഷണിക്കുന്നിടങ്ങളിലൊക്കെ പ്രചാരണത്തിന് പോകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കോൺഗ്രസിന്റെ വിജയമാണ് പ്രധാനം. പാർട്ടിയോ സ്ഥാനാർത്ഥികളോ പ്രചാരണത്തിന് വിളിച്ചാൽ അവിടെയെല്ലാം തങ്ങൾ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന വിമർശനങ്ങൾക്കെതിരെ ആനന്ദ് ശർമ്മ രംഗത്തെത്തി. കോൺഗ്രസുകാരനെന്ന നിലയിലുള്ള തന്റെ പ്രതിബദ്ധത ആർക്കും ചോദ്യംചെയ്യാനാകില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനാണ് തങ്ങൾ ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടിയത്. ശക്തിയുമുള്ള കോൺഗ്രസിന് മാത്രമേ ബി.ജെ.പിയെ എതിർക്കാനാകൂവെന്നും നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രചാരണം നടത്തുമെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
അതേസമയം മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് തിരുത്തൽവാദി നേതാക്കളെ വിമർശിച്ചു.
മുകളിലെത്തിയ ശേഷം പ്രസംഗങ്ങൾ നടത്താൻ ആർക്കും എളുപ്പമാണെന്നും പാർട്ടിയിൽ ഏണിപ്പടി ചവിട്ടാത്തവരെയും കൂടി ഓർക്കേണ്ടതുണ്ടെന്നും ഖുർഷിദ് പറഞ്ഞു.