hanging

 9പേരും ഒരു കുടുംബക്കാർ

ന്യൂഡൽഹി : ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിൽ ഒൻപത് പേർക്ക് സ്‌പെഷ്യൽ എക്‌സൈസ് കോടതി വധശിക്ഷ വിധിച്ചു. ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സ്ത്രീകളായ നാല് പ്രതികൾക്ക് ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയും വിധിച്ചു.

ഇത്രയും പേർക്ക് ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് ബീഹാറിൽ ആദ്യമാണ്.

2016 ആഗസ്റ്റ് 17ന് നടന്ന ദുരന്തത്തിൽ 19 പേർ മരിക്കുകയും രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. നിതീഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചതിന് ശേഷം നടന്ന ആദ്യ വിഷമദ്യ ദുരന്തമാണിത്. കേസിൽ എസ്.ഐ. അടക്കം 21 പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരി 26ന് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിന്റെ ജന്മനാടാണ് ഗോപാൽഗഞ്ച്. മദ്യ നിരോധനത്തിനു ശേഷവും തുച്ഛമായ വിലയ്‌ക്ക് വ്യാജമദ്യം ലഭിക്കുന്നതിന് കുപ്രസിദ്ധമാണ് ഇവിടം.