surrogate-mother

ന്യൂഡൽഹി: വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും പ്രസവാവധിക്ക് അവകാശമുണ്ടെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി. ഹിമാചലിലെ കുളു സ്വദേശിയും അദ്ധ്യാപികയുമായ സുഷമാ ദേവിയുടെ ഹർജിയിലാണ് ജസ്റ്റിസ് തർലോക് സിംഗ് ചൗഹാൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി.

വാടക ഗർഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന കാരണത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല. അത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് സമമാണ്. പ്രസവത്തിലൂടെയോ ദത്തെടുക്കുന്നതിലൂടെയോ വാടക ഗർഭത്തിലൂടെയോ ഒരു സ്ത്രീയ്ക്ക് അമ്മയാകാൻ സാധിക്കും.ഒപ്പം കുഞ്ഞിന് അമ്മയുടെ സാമീപ്യവും കരുതലും
ആവശ്യമുള്ള സമയമാണിത്. മറ്റാർക്കും ആ വിടവ് നികത്താനാകില്ല.

കഴിഞ്ഞ വർഷം സെപ്തംബർ 10നാണ് വാടക ഗർഭപാത്രത്തിലൂടെ സുഷമ അമ്മയായത്. പ്രസവാവധിക്ക് അപേക്ഷ നൽകിയെങ്കിലും സർക്കാർ പരിഗണിക്കാത്തതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.