
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകന് വെടിയേറ്റിട്ടില്ലെന്ന് ഡൽഹി പൊലീസും യു.പി. പൊലീസും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, മരിച്ച നവരീത് സിംഗിന്റെ എക്‌സ് റേ പ്ലേറ്റിന്റെ ഒറിജിനലും പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോയും ഡൽഹി പൊലീസിന് നൽകാൻ യു.പി. പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ഇത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ജസ്റ്റിസ് യോഗേഷ് ഖന്ന നിർദേശിച്ചു.
നവരീതിന്റെ മൃതദേഹത്തിൽ വെടിയേറ്റ പാടില്ലെന്നും ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്നും ഡൽഹി പൊലീസും യു.പി. പൊലീസും വ്യക്തമാക്കി. അതേസമയം, തങ്ങൾ ആവശ്യപ്പെട്ടെങ്കിലും എക്‌സ് റേ പ്ലേറ്റും പോസ്റ്റ്‌മോർട്ടം വീഡിയോയും നൽകാൻ രാംപുർ പൊലീസും ആശുപത്രിയധികൃതരും വിസമ്മതിച്ചുവെന്ന് ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇവ നൽകാൻ കോടതി ഉത്തരവിട്ടത്.