
ന്യൂഡൽഹി :കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷിക സമരം നൂറാം ദിവസം പിന്നിടുമ്പോൾ കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഭാരതീയ കിസാൻ യൂണിയൻ (ആർ) പ്രതിനിധി ബൽബീർ സിംഗ് രജേവാൽ. സമരത്തിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് കുണ്ട്ലി - മനേസർ - പൽവാൽ എക്സ്പ്രസ് ഹൈവെയിൽ നടത്തിയ ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്നുള്ള ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഉപരോധം ഒരു സൂചന മാത്രമാണ്.സർക്കാർ വഴങ്ങാൻ തയാറായില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു .
കരിദിനം ആചരിച്ചും ഹൈവെ ഉപരോധിച്ചും കർഷകർ
ഇന്നലെ രാവിലെ 11 മണി മുതൽ നാല് മണി വരെയാണ് 136 കിലോ മീറ്റർ നീളത്തിലുള്ള ഹൈവേ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ ഉപരോധിച്ചത്. നൂറ് കണക്കിന് കർഷകർ, സംഘടനകളുടെ പതാകകളുമേന്തി കരിദിനം ആചരിച്ചു. വാഹനങ്ങൾ നിരത്തിന് കുറുകെ പാർക്ക് ചെയ്ത് ഗതാഗതം സ്തംഭിപ്പിച്ചു. ഏത് പ്രതികൂല കാലാവസ്ഥയിലും കർഷകരുടെ പ്രതിഷേധത്തിന്റെ കരുത്ത് കുറയുന്നില്ലെന്ന് ഉപരോധത്തിലൂടെ തെളിയിച്ചതായി മോർച്ച പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നാളെ മഹിളാ കിസാൻ ദിവസ് ആയി കർഷകർ ആചരിക്കും.
അതിർത്തി കാക്കുന്നതിനുവേണ്ടി ജീവൻവെടിഞ്ഞവരുടെ പിതാക്കന്മാരെ തടഞ്ഞുനിറുത്താൻ സർക്കാർ ഡൽഹിയിലെ അതിർത്തികളിൽ ആണികൾ തറച്ചിരിക്കുകയാണ്. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോരാടുന്ന കർഷകരെ സർക്കാർ പീഡിപ്പിക്കുന്നു''
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി