
ന്യൂഡൽഹി : 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ആഘോഷങ്ങളുടെ ഏകോപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി കേന്ദ്രമന്ത്രിമാരേയും 28 മുഖ്യമന്ത്രിമാരേയും ഉൾപ്പെടുത്തി 259 അംഗ സമിതി രൂപീകരിച്ചു.
മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, ദേവഗൗഡ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,ഗുംലാംനബി ആസാദ്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ലതാ മങ്കേഷ്‌കർ അടക്കമുള്ള കലാകാരന്മാർ, നൊബേൽ ജേതാവ് അമൃത്യാ സെൻ,ഗവർണർമാർ, ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര ദിനത്തിന് 75 ആഴ്ച മുൻപ് രാജ്യത്ത് പരിപാടികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. അതായത് 12 മുതൽ പരിപാടികൾ തുടങ്ങും.
ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യ ഉന്നത തല ചർച്ച നാളെ ഡൽഹിയിൽ നടക്കും. വികസനം, സാങ്കേതിക വിദ്യ, ഭരണം, നവീകരണം, പുരോഗതി, നയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും സംഘടിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.