
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. നന്ദിഗ്രാമിൽ തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതയ്‌ക്കെതിരെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ അനുയായിയും പ്രമുഖ നേതാവുമായ സുവേന്ദു അധികാരി തന്നെയാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികയ്‌ക്ക് അനുമതി നൽകിയത്. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് മമത സിറ്റിംഗ് സീറ്റായ ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മമതയെ 50,000 വോട്ടുകൾക്കെങ്കിലും തോൽപ്പിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം.