
ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനഃരാരംഭിക്കും. ഏപ്രിൽ എട്ടുവരെ ഒരു മാസത്തെ സമ്മേളനമാണ് തീരുമാനിച്ചതെങ്കിലും കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെട്ടിച്ചുരുക്കിയേക്കും.
മാർച്ച് 27ന് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനാൽ പ്രചാരണത്തിൽ ശ്രദ്ധിക്കാൻ സമ്മേളനം ചുരുക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ്, തൃണമൂൽ, ഡി.എം.കെ, അണ്ണാ ഡി.എം.കെ, അസാം ഗണപരിഷത്ത് കക്ഷികൾ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനോടും ലോക്‌സഭാ സ്പീക്കർ ഒാം ബിർളയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും അമിത് ഷാ അടക്കമുള്ള നേതാക്കളും ബംഗാളിൽ കൂടുതൽ സമയം ചെലവിടുന്നതിനാൽ ബി.ജെ.പിക്കും സമ്മേളനം നേരത്തെ പിരിയുന്നതിനോട് യോജിപ്പാണ്. ഈ സാഹചര്യത്തിൽ സമ്മേളനം രണ്ടാഴ്‌ചയ്‌ക്കു ശേഷം പിരിഞ്ഞേക്കും.
സമ്മേളനത്തിൽ ധനകാര്യ ബില്ലും മന്ത്രാലയങ്ങൾക്കുള്ള ഗ്രാന്റുകളുമാണ് പ്രധാന അജണ്ട. 25ഓളം ബില്ലുകളും വരാനുണ്ട്. നേരത്തെ പിരിഞ്ഞാൽ ബില്ലുകൾ അടുത്ത സമ്മേളനത്തിലേക്ക് മാറ്റും.
ഇരു സഭകളും ഒരാഴ്‌ചയ്‌ക്കു ശേഷം രാവിലെ 11 മണിക്ക് തന്നെ സമ്മേളിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കഴിഞ്ഞ തവണ രാജ്യസഭയും ലോക്സഭയും രണ്ടു സമയങ്ങളിലാണ് ചേർന്നത്. അംഗങ്ങളെ രണ്ടു സഭകളിലുമായാണ് ഇരുത്തിയതും. തിരഞ്ഞെടുപ്പ് കാരണം ഇക്കുറി എം. പിമാർ കുറവായിരിക്കുമെന്നും അകലം പാലിച്ച് ഇരിക്കാമെന്നും കരുതുന്നു.
അതേസമയം, കർഷക സമരം തുടരുന്നതും ഇന്ധന, പാചക വില വർദ്ധനയും ഉയർത്തി പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. തന്ത്രങ്ങൾ ആലോചിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിച്ചിരുന്നു.