mamata-banerjee

ഇന്നലെ വരെ ബംഗാളിന്റെ മുതിർന്ന സഹോദരിയായിരുന്ന (ദീദി) മമതാ ബാനർജി ഇപ്പോൾ മകളാണ്. ബംഗാൾ പിടിക്കാൻ അരയും തലയും മുറുക്കി പ്രധാനമന്ത്രി മോദി മുതലിങ്ങോട്ട് പ്രമുഖ ബി.ജെ.പി നേതാക്കൾ രംഗത്തിറങ്ങിയതോടെയാണ് മകളായുള്ള മമതയുടെ ഭാവമാറ്റം. ബംഗാളിന് അവരുടെ മകളെയാണ് വേണ്ടതെന്നാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ അതിജീവന മന്ത്രം! എന്തായാലും നിലവിൽ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ മമത അതിജീവന പോരാട്ടത്തിലാണ്.


നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കലിനെതിരായ കർഷക പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ് ഇടതുപക്ഷത്തിന്റെ മുപ്പത് വർഷത്തിലേറെ നീണ്ട ഭരണത്തിന്റെ അടിത്തറ മമത ഇളക്കിയത്. ആ നന്ദിഗ്രാമിൽത്തന്നെയാണ് ഇക്കുറി ബംഗാൾ തിരഞ്ഞെടുപ്പിലെ അതിവമ്പൻ പോരാട്ടവും. മമതയ്ക്ക് അവിടെ എതിരാളി പഴയ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി. മമതയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഡിംസബറിലാണ് തൃണമൂൽ വിട്ട് സുവേന്ദു ബി.ജെ.പിയിലെത്തിയത്. 2016ൽ നന്ദിഗ്രാമിൽ നിന്നുള്ള എം.എൽ.എയായി. ഭവാനിപൂർ എന്ന സ്വന്തം തട്ടകം വിട്ടാണ് നന്ദിഗ്രാമിൽ ചെന്ന് സുവേന്ദുവിനെ നേരിടാൻ മമത തയ്യാറായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റ് ബി.ജെ.പി നേടിയതോടെയാണ് മമത പ്രതിസന്ധിയിലായത്. സി.പി.എമ്മിനു പകരം പ്രതിപക്ഷത്ത് ബി.ജെ.പിയെത്തി. മന്ത്രിമാരും എം.എൽ.എമാരുമടക്കം ബി.ജെ.പിയിലേക്ക് കൂറുമാറി. ബാക്കിയുള്ള ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ചു നിന്നും എതിർപ്പുയർത്തി. ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥ. അതുകൊണ്ടുകൂടിയാണ്, കൂടപ്പിറപ്പുകളെ ശകാരിക്കുകയും നയിക്കുകയും ചെയ്യന്ന മൂത്ത സഹോദരിയിൽ നിന്ന് കരുതൽ തേടുന്ന മകളായുള്ള മമതയുടെ മാറ്റം. മകൾ വെല്ലുവിളി നേരിടുമ്പോൾ ബംഗാൾ കൈയും കെട്ടി നോക്കിനിൽക്കുമോ?