tomar

ന്യൂഡൽഹി: കർഷകം സമരം നൂറുദിവസം കടന്ന് മുന്നേറുന്നതിനിടെ, കാർഷിക നിയമങ്ങളിൽ ഭേദഗതിയ്ക്ക് തയാറാണെന്ന് വീണ്ടും വ്യക്തമാക്കി കേന്ദ്രസർക്കാർ. ഭേദഗതിക്ക് ഒരുക്കമാണെന്നും പ്രതിപക്ഷം വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ഒരു ചടങ്ങിൽ സംസാരിക്കവെ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.

നിയമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടാൻ ഇതുവരെ കർഷകസംഘനകൾക്കായില്ല. ഏത് വിഷയത്തിലും ഏതിർപ്പുണ്ടാകാം. എന്നാൽ ദേശതാത്പര്യത്തിന് വിരുദ്ധമായ എതിർപ്പിനെ എങ്ങനെയാണ് അംഗീകരിക്കാനാവുക. കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപവും കർഷകർക്ക് ഉത്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യവുമാണ് പുതിയ നിയമങ്ങളിലൂടെ സർക്കാർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. കൊൽക്കത്തയിൽ എത്തി കർഷകരുമായി സംസാരിക്കും. സർക്കാർ മുഴുവൻ കൽക്കത്തയിലാണുള്ളതെന്നും ടിക്കായത്ത് പരിഹസിച്ചു. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കർഷകസമരം വ്യാപിപ്പിക്കുമെന്ന് ബി.കെ.യു നേതാവ് ജഗ്മോഹൻ സിംഗ് പട്യാല അറിയിച്ചു. ബംഗാളിൽ 12 മുതൽ 14 വരെ തീയതികളിൽ മഹാപഞ്ചായത്തുകൾ ചേരും. കൊൽക്കത്തിലാണ് ആദ്യ യോഗം. മദ്ധ്യപ്രദേശിൽ 14, 15 തീയതികളിലും ഒഡിഷയിൽ 19 നും കർണാടകയിൽ 20, 21, 22 തീയതികളിലും മഹാപഞ്ചായത്തുകൾ ചേരും.

ഇന്ന് വനിതാ കർഷക ദിനം

വനിതാ കർഷകരോടുളള ആദരസൂചകമായി അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് 'വനിതാ കർഷക ദിന'മായി കർഷകസംഘടനകൾ ആചരിക്കും.പ്രത്യേക റാലികളും യോഗങ്ങളും സംഘടിപ്പിക്കും. വേദികൾ നിയന്ത്രിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം വനിതാ കർഷകരായിക്കുമെന്ന് സംയുക്ത കിസാൻമോർച്ച നേതാവ് ദർശൻപാൽ അറിയിച്ചു. ഡൽഹി അതിർത്തിയിലേക്ക് 40,000ത്തോളം കർഷകരെത്തുമെന്ന് കർഷക നേതാവ് ബൽബീർ കൗർ വ്യക്തമാക്കി.