
ന്യൂഡൽഹി: ജനങ്ങൾക്ക് വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തുടക്കമിട്ട ജൻഔഷധി കേന്ദ്രങ്ങൾ വഴി രണ്ടര രൂപയ്‌ക്ക് സാനിറ്ററി പാഡുകൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൻഔഷധി കേന്ദ്രത്തിന്റെ 7500-ാമത് ശാഖ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മോദിയുടെ കട' (മോദി കി ദുകാൻ) എന്ന പേരിൽ അറിയപ്പെടുന്ന ജൻഔഷധി കേന്ദ്രങ്ങളിൽ നിന്ന് എല്ലാവരും മരുന്നു വാങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഒരേസമയം തൊഴിലും സേവനവും ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ ചെറുപ്പക്കാർക്ക് ജോലി നൽകുന്നു. 75 തരം ആയുഷ് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാരമുള്ള മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.