
കടുത്ത വേനൽ കാലത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. വെയിലൊന്ന് കൊണ്ട് അകത്തു വന്നാൽ മുഖത്തും കൈയിലും കാലിലുമൊക്കെ കരുവാളിപ്പ് ഉറപ്പാണ്. ചിലർക്ക് സൺ ബേൺ അലർജിയുമാകും. രാവിലത്തെയും വൈകിട്ടേയും ഇളംവെയിൽ കൊള്ളുന്നത് നല്ലതാണെങ്കിലും ബാക്കി സമയത്തെ വെയിൽ നേരിട്ട് ചർമത്തിൽ ഏൽക്കുന്നത് ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ ബാധിക്കും. സൂര്യന്റെ അതിതാപത്താൽ ആദ്യംതന്നെ കേടു പറ്റുന്നത് ത്വക്കിനാണ്. കുറച്ച് വെയിൽ കൊണ്ടാൽ തന്നെ ചർമം ഇരുണ്ടുപോകും, പൊള്ളലുകൾ വീഴാനും സാദ്ധ്യതയുണ്ട്. ത്വക്കിന് കാൻസർ പോലും ഉണ്ടാക്കുന്ന അൾട്രാ വയലറ്റ് രശ്മികൾ ഈ സമയത്ത് കൂടുതൽ ശക്തി പ്രാപിക്കും. വേനൽക്കാലത്ത് ദിവസവും പുറത്തുപോയി വന്നു കഴിഞ്ഞാൽ, അല്ലെങ്കിൽ ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തിക്കഴിഞ്ഞാൽ മുഖം വൃത്തിയാക്കി നല്ല തണുത്ത തൈര് വെയിലേറ്റ ഭാഗങ്ങളിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ ചർമത്തിൽ ഉണ്ടായ കരുവാളിപ്പ് നന്നായി കുറയ്ക്കാം. ചൂടുള്ള കാലാവസ്ഥയിൽ രോഗാണുക്കൾ ശക്തരാകും. വെയിലേറ്റ് വാടിയ ചർമത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ചില പൊടിക്കൈകൾ.
തക്കാളി
നല്ലൊരു ഡീടാനിംഗ് ഏജന്റാണ് തക്കാളി. തക്കാളിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ശരീരത്തിലെ കൊളാജന്റെ വളർച്ചയ്ക്ക് തക്കാളി നല്ലതാണ്. നാച്വറൽ സൺസ്ക്രീനായി പ്രവർത്തിക്കുന്ന ലൈസോപെയ്നും തക്കാളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കോശനശീകരണത്തെ തടയാനും പുതിയ കോശങ്ങളുണ്ടാകാനും തക്കാളിയിലെ ഘടകങ്ങൾ സഹായിക്കും
എങ്ങനെ: തക്കാളി നന്നായി ഉടക്കുക. ഈ പൾപ് കരുവാളിപ്പുള്ള സ്ഥലങ്ങളിൽ പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
കടലമാവ്
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ്. കൈയിലെയും കഴുത്തിലെയും മുഖത്തെയുമെല്ലാം കരുവാളിപ്പ് അകറ്റാനും ചർമത്തിന് നല്ല നിറം നൽകാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിംഗ് ഗുണം ചർമത്തിലെ മൃതകോശങ്ങളെ നീക്കി ചർമം മനോഹരമാക്കുന്നു.
എങ്ങനെ: ഒരു നുള്ള് മഞ്ഞളും മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം.
തേനും തൈരും
തൈര് ഒരു നാച്വറൽ ബ്ലീച്ചിംഗ് ഏജന്റാണ്. അതിനാൽ ചർമത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ ഇതിലും നല്ലൊരു വഴിയില്ല. തേനിന്റെ ആന്റിബാക്ടീരിയൽ നേച്ചർ ചർമത്തിലുണ്ടാകുന്ന ആണുബാധകൾ തടയും.
എങ്ങനെ: ഒരു ടേബിൾ സ്പൂൺ തേനും രണ്ട് ടേബിൾ സ്പൂൺ തൈരും ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ല കട്ടിയിൽ മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം.

പാലും വെള്ളരിയും
വെള്ളരി സൺ ടാൻ മാറ്റാൻ നല്ലൊരു മാർഗമാണ്. വിറ്റാമിൻ സിയുടെ കലവറയാണ് വെള്ളരി. മാത്രമല്ല ഇതിന്റെ കൂളിംഗ് ഇഫക്ട് ചർമത്തിന് ഉണർവ് നൽകും. പാൽ നല്ലൊരു സൺസ്ക്രീനും ഒപ്പം മോയിസ്ചറൈസറുമാണ്. ചർമത്തിന് നല്ല നിറം നൽകാനും പാൽ സഹായിക്കും.
എങ്ങനെ: വെള്ളരി ഒരു ബ്ലെൻഡറിൽ നന്നായി അടിച്ച് ജ്യൂസ് ആക്കുക. ഇതിലേയ്ക്ക് തിളപ്പിക്കാത്തപാൽ ചേർത്ത് രണ്ടും നന്നായി മിക്സ് ചെയ്യുക. ഇത് ടാനുള്ള ഭാഗങ്ങളിൽ പുരട്ടാം. 15-20 മിനിറ്റിന് ശേഷം കഴുകാം. ദിവസവും രണ്ട് തവണ ചെയ്താൽ നല്ല ഫലം ലഭിക്കും.
വെള്ളരി മസാജിംഗ്
വെള്ളരിക്കയെ വേനൽക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിനായി നമുക്ക് കൂട്ടു പിടിക്കാം. മൂന്ന് ദിവസത്തിനുള്ളിൽ വെയിൽ കൊണ്ട് ഉണ്ടായ കരുവാളിപ്പ് അകറ്റാൻ വെള്ളരിക്കയ്ക്ക് സാധിക്കും.
എങ്ങനെ : വെള്ളരിക്ക കഴുകി തൊലിയോട് കൂടി അരിഞ്ഞു മിക്സിയിൽ നന്നായി അരച്ച് ഫ്രിഡ്ജിൽ ഐസ് ട്രേയിൽ വയ്ക്കുക, ഇനി പുറത്തു പോയി വന്നതിനു ശേഷം ഇതിൽ നിന്നും രണ്ടോ മൂന്നോ ഐസ് ക്യൂബ് എടുത്ത് ഉള്ളം കാലിലും ഉപ്പൂറ്റിയിലും ആദ്യം നന്നായി മസാജ് ചെയ്യുക, പിന്നീട് കാൽപ്പാദത്തിലും കഴുത്തിലും മുഖത്തുമൊക്കെ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വേനൽക്കാലത്ത് ഒരു കാരണവും ഇല്ലാതെ ഉണ്ടാകുന്ന ക്ഷീണം ഇവ അകറ്റി ഫ്രഷ്നെസ് വീണ്ടെടുക്കാൻ ഏറ്റവും സൂപ്പർ വഴിയാണ്.
ക്ഷീണം അകറ്റാൻ
ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയർപ്പ്. എന്നാൽ ചൂടുകാലത്തുണ്ടാകുന്ന വിയർപ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയർപ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീര ക്ഷീണവും തളർച്ചയും ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അൽപ്പാൽപ്പമായി ഇടവിട്ട് കുടിക്കുക. പച്ചവെള്ളം കുടിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. ലവണ നഷ്ടം പരിഹരിക്കാനും ഇത് സഹായിക്കും. പക്ഷേ സോഫ്റ്റ് ഡ്രിങ്ക്സ്, സോഡാ, കുലുക്കി സർബത്ത് പോലെ വഴിയോരങ്ങളിൽ വിൽക്കുന്ന പാനീയങ്ങൾ പൂർണമായി ഒഴിവാക്കുക.
ദിവസേന കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. പച്ചമുളകും ഇഞ്ചിയും ഉപ്പും കറിവേപ്പിലയും ഇട്ട സംഭാരം ചൂടുകാലത്തെ ഉത്തമ പാനീയം. സംഭാരം ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കും. കരിക്കിൻവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം (രക്തസമ്മർദം ഉയർന്നവർ ഉപയോഗിക്കരുത്) ഇവ ക്ഷീണം പെട്ടെന്ന് ശമിപ്പിക്കുന്നു.

ചില ദേശീയ പാനിയങ്ങൾ
ആം പന്ന:ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഏറെ പ്രിയങ്കരമായ പാനീയമാണ് പച്ചമാങ്ങ അരച്ചെടുക്കുന്ന ആം പന്ന. മധുരവും മസാലയും പുളിപ്പും ചേർന്ന പന്ന ഒരു കവിൾ കുടിച്ചാൽ തന്നെ ഏതു ചൂടും പമ്പകടക്കും.
ആം പൊറ :തൊലികളയാതെ മാങ്ങ തീയിൽ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ബംഗാളിന്റെ ആം പൊറ ഷർബത്തും മറ്റൊരു മാങ്ങാ പാനീയം.
ബുറാൻഷ് :ഒരു തരം വയലറ്റ് പൂക്കൾ ഉപയോഗിച്ച് ഉത്തരാഖണ്ഡുകാർ ഉണ്ടാക്കുന്ന ബുറാൻഷ് മധുരവും പുളിപ്പും ഒന്നിച്ചു സമ്മാനിക്കുന്ന ഒരു തനി നാടൻ പാനീയമാണ്.
ജൽജീര: കൊടും വേനലിനെ പറപ്പിക്കാൻ ഉത്തരേന്ത്യക്കാർ ധാരാളം കുടിക്കുന്ന ഒരു പാനീയമാണ് ജൽജീര. ജീരകം, കുരുമുളക്, കറുത്തുപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന ജൽജീര വലിയ മൺകൂജയിലാണ് സൂക്ഷിക്കുക.
പിയുഷ് :ഗുജറാത്തിലും മഹാരാഷ്ട്രിയിലും ഏറെ പ്രിയപ്പെട്ട വേനൽക്കാല പാനീയമാണ് പിയുഷ്. കട്ടിത്തൈര്, ജാതിക്ക, കുങ്കുമപ്പൂവ് എന്നിവയ്ക്കൊപ്പം ഉണക്കപ്പഴങ്ങളും ചേർത്താണ് ഇതുണ്ടാക്കുക. പിയൂഷ് എന്നാൽ അമൃത് എന്നാണ് അർത്ഥം. ഉച്ചിയിൽ വെയിലേറ്റു വരുന്നവന് ശരിക്കുമൊരു അമൃത് തന്നെ.
ലസി :കേരളത്തിലായാലും പഞ്ചാബി റസ്റ്റോറന്റുകളിൽ കയറിയാൽ ഒരു ലസി കുടിക്കുന്നത് നമുക്കു ശീലമാണ്. പഞ്ചാബിന്റെ ചൂടേറിയ വഴിയോരങ്ങളിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ ലസികൾ രുചിച്ചെടുക്കാം. ഒഡിഷയിൽ പ്രചാരത്തിലുള്ള ലസി വ്യത്യസ്തമാണ്. തേങ്ങ, ചെറി എന്നിവ ചേർത്ത് ലസിയെ അവർ സമ്പുഷ്ടമാക്കുന്നു.
പനം കരിക്ക് : മറ്റു പുറം ചേരുവകളൊന്നും ഇല്ലാതെ കുടിക്കുന്നവരെ ആകമാനം തണുപ്പിക്കുന്നതാണ് പനംകരിക്ക് ജ്യൂസ്. തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇതു സർവസാധാരണം.
ഗൊന്തോരാജ് : ബംഗാളിൽ പ്രചാരത്തിലുള്ള ഗൊന്തോരാജ് നാരങ്ങ പിഴിഞ്ഞ് അതിലേക്ക് തൈരും പഞ്ചസാരയും കല്ലുപ്പും തണുത്ത വെള്ളവും ചേർത്തുണ്ടാക്കുന്ന ഗൊന്തോരാജ് പാനീയം തളർച്ചയും ക്ഷീണവും തകർത്തെറിയും.
പാനകം: ദക്ഷിണേന്ത്യയിലെ മറ്റൊരു പരമ്പരാഗത പാനീയമാണ് പാനകം. ശർക്കരയും ഏലവും ചേർത്ത വെള്ളത്തിലേക്ക് കുരുമുളകും ഇഞ്ചിയും ചേർത്ത്, തണുപ്പിച്ചു കുടിച്ചാൽ അതൊരു വേറിട്ട അനുഭവം തന്നെ.
ചുടുകുരുവുണ്ടോ?
വേനൽക്കാലത്തെ സാധാരണ പ്രശ്നമാണ് ചൂടുകുരുക്കൾ. ചൂടിനൊപ്പം അസഹ്യമായ ചൊറിച്ചിലിനൊപ്പം അസ്വസ്ഥതയും ഉണ്ടാക്കുന്നവയാണ് ഈ കുരുക്കൾ. ശരീരത്തിൽ കൂടുതലായി വിയർക്കുന്നിടത്താണ് ഇവ കണ്ടുവരുന്നത്. അമിതമായി വിയർക്കുമ്പോൾ ഇളകിവരുന്ന ചർമപാളികൾ സ്വേദഗ്രന്ഥികളെ അടയ്ക്കുന്നതിനെ തുടർന്ന് അവയ്ക്കുണ്ടാകുന്ന നീർക്കെട്ടാണ് ചൂടുകുരുക്കൾക്ക് കാരണം.
എന്താണ് പരിഹാരം?