court

അഭിപ്രായം തേടി സംസ്ഥാനങ്ങൾക്ക് നോട്ടീസ്

10 % സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളും പരിശോധിക്കും

ന്യൂഡൽഹി : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയ സംവരണത്തിന്റെ പരിധി 50 ശതമാനമായി നിശ്ചയിച്ച 1992ലെ ഇന്ദ്ര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാവുന്നതാണെന്ന് സുപ്രീംകോടതി.

ഒരു പ്രത്യേക വിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമാണെന്ന് കണ്ടെത്തി അവർക്ക് സംവരണം നൽകാൻ നിയമനിർമ്മാണ സഭയ്ക്ക് അധികാരമുണ്ടോയെന്ന വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നോട്ടീസ് നൽകി. ജസ്റ്റിസുമാരായ എൽ.എൻ.റാവു, എസ്.എ. നസീർ, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. അഭിപ്രായം അറിഞ്ഞശേഷം ഈ മാസം 15ന് കേസിൽ വിശദമായ വാദം കേൾക്കും. സംവരണ പരിധി 50 ശതമാനമായി നിജപ്പെടുത്തണോ ,1992ലെ വിധി മറാത്ത സംവരണ പരിധിയിലുള്ളതാണോ, 102ാം ഭരണഘടന ഭേദഗതിയിലൂടെ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രം ഭരണഘടന പദവി നൽകിയത് ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണോ തുടങ്ങിയ വിഷയങ്ങളാണ് വാദത്തിന്റെ ഭാഗമാവുക. അതിന് ശേഷം, വിശാല ഭരണഘടന ബഞ്ച് രൂപീകരിക്കുന്നതിനെയും, തുടർച്ചയായി വാദം കേൾക്കുന്നതിനെയും കുറിച്ച് ആലോചിക്കും.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കോടതിയുടെ പരിഗണനയിലുള്ള ഹർജികളും ഈ ബഞ്ചിന് വിടുന്ന കാര്യം തീരുമാനിക്കും. മറാത്ത സംവരണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണ്, സംവരണ വിഷയത്തിൽ കോടതിയുടെ പ്രധാന ഇടപെടൽ.

2018ൽ നൂറ്റി രണ്ടാം ഭരണഘടന ഭേദഗതിയിലൂടെ, പിന്നാക്ക വിഭാഗ കമ്മിഷന് കേന്ദ്രം ഭരണഘടനാ പദവി നല്കിയിരുന്നു. ഇത് ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നു കയറ്റമാണെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി മുകുൾ റോത്തഗി വാദിച്ചു. സംവരണ വിഷയത്തിൽ കേന്ദ്രം അവസാന നിലപാടെടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടണമെന്നും ആവശ്യപ്പെട്ടു. ഫെഡറൽ തത്വങ്ങളുടെ ലംഘനമായതിനാൽ എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് തേടണമെന്ന വാദത്തെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ എതിർത്തില്ല.സംവരണ പരിധി 50 ശതമാനമാണെങ്കിലും, സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തിയതോടെ സംവരണം 72 ശതമാനം വരെ എത്തിയെന്നും അദ്ദേഹം അറിയിച്ചു. സംവരണ പരിധി സംബന്ധിച്ച് നിലവിൽ 16 സംസ്ഥാനങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഹർജിക്കാരിലൊരാളായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.

വിശാല ബെഞ്ച് വേണ്ടി വരും

മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെ ഫയൽ ചെയ്ത 1992ലെ ഇന്ദ്ര സാഹ്നി കേസിൽ, 50 ശതമാനത്തിന് മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 9 അംഗ ഭരണഘടന ബഞ്ചിന്റേതായിരുന്നു വിധി. ഈ കേസോടെയാണ് സംവരണത്തിന് പരിധി നിശ്ചയിച്ചത്.എന്നാൽ സംസ്ഥാനങ്ങളും കേന്ദ്രവും ഇത് മറികടക്കുന്നതിനാലാണ്,സംവരണ പരിധിയിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം സർക്കാർ ആരായുന്നത്.പുന :പരിശോധന ആവശ്യമെങ്കിൽ 11 അംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും.