
ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നേതൃമാറ്റ അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റി കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ, സംസ്ഥാന ടൂറിസം മന്ത്രി സത്പാൽ മഹാരാജ് എന്നിവരിലൊരാളെ പകരം കൊണ്ടുവരാനാണ് നീക്കം. അഭ്യൂഹം ശക്തമായതോടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താനായി ഇന്നലെ റാവത്ത് ഡൽഹിയിലെത്തി.
കേന്ദ്ര ബി.ജെ.പി നേതാക്കളായ രമൺസിംഗ്, ദുഷ്യന്ത് ഗൗതം എന്നിവർ സംസ്ഥാനത്തെത്തി റാവത്തിനെയും എം.എൽ.എമാരെയും മന്ത്രിമാരെയും കണ്ടിരുന്നു. ശേഷം ഇവർ ജെ.പി നദ്ദയ്ക്ക് റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. റാവത്തിന്റെ പ്രകടനം മോശമാണെന്ന് ബി.ജെ.പി എം.എൽ.എമാർ തന്നെ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. റാവത്തിന് കീഴിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തുടർഭരണസാദ്ധ്യതയില്ലെന്നാണ് ഇവരുടെ പക്ഷം. അതേസമയം റാവത്തിനെ മാറ്റുന്നുവെന്ന വാർത്തകൾ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ തള്ളി.