
ന്യൂഡൽഹി : നേരത്തെ നൽകിയ വിവാഹ വാഗ്ദാനം പാലിക്കാനായില്ലെന്നു കരുതി ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യു.പിയിൽ നിന്നുള്ള 30 കാരനെതിരെ ചുമത്തിയിരുന്ന എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.പി സ്വദേശിയായ 30 കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.ഇയാൾ പെൺ സുഹൃത്തിന് വിവാഹ വാഗ്ദാനം നൽകിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ, പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി.ഇതോടെ, തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി പരാതി നൽകുകയായിരുന്നു.
കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. സത്യസന്ധമായാണ് താൻ വിവാഹ വാഗ്ദാനം നൽകിയതെന്നും പിന്നീട് സാഹചര്യങ്ങൾ മൂലം ബന്ധം നിറുത്തുകയായിരുന്നുവെന്നും ഇയാൾ കോടതിയെ അറിയിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു. രജിസ്റ്റർ വിവാഹം നടത്താനുള്ള നീക്കം നടത്തിയത് പെൺകുട്ടിക്ക് അറിയാവുന്നതാണെന്നും അതും സാദ്ധ്യമായില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. ലൈംഗിക ബന്ധം ഉണ്ടായിരുന്ന സമയത്ത് വഞ്ചിക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് എഫ്.ഐ.ആർ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്. പാലിക്കപ്പെടാത്ത എല്ലാ വാഗ്ദാനങ്ങളും വ്യാജമോ വഞ്ചനയോ അല്ലെന്നും കോടതി നിരീക്ഷിച്ചു.