
ന്യൂഡൽഹി: നവമാദ്ധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പുതിയ നിയമത്തിനെതിരെയുള്ള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി.
ഫൗണ്ടേഷൻ ഫോർ ഇൻഡിപെഡന്റ് ജേർണലിസ്റ്റ്, ഓൺലൈൻ മാദ്ധ്യമങ്ങളായ ന്യൂസ് മിനിറ്റ്, ദ വയൽ എന്നിവിടങ്ങളിലെ എഡിറ്റർമാരായ ധന്യ രാജേന്ദ്രൻ, എം.കെ. വേണു എന്നിവരാണ് ഹർജിക്കാർ. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നവമാദ്ധ്യമങ്ങളിലടക്കം സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനെ എതിർത്ത ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതാണെന്നും അതേ നിയമത്തെ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്ന നിയമത്തിലൂടെയെന്നും ഹർജിക്കാരുടെ മുതിർന്ന അഭിഭാഷക നിത്യാ രാമകൃഷ്ണൻ കോടതിയെ അറിയിച്ചു. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് വിലങ്ങിട്ട് ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഐ.ടി ആക്ടിലൂടെ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതുപോലെ തന്നെ ഡിജിറ്റൽ മാദ്ധ്യമങ്ങളുടെയും വാർത്ത പോർട്ടലുകളുടെ ഉള്ളടക്കം അടക്കം നിയന്ത്രിക്കുകയാണ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021ലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.