ak-saseendran

ന്യൂഡൽഹി: തർക്കങ്ങൾ അവസാനിപ്പിച്ച് എൻ.സി.പി സ്ഥാനാർത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം അംഗീകാരം നൽകി. മന്ത്രി എ.കെ ശശീന്ദ്രൻ എലത്തൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ പ്രഖ്യാപിച്ചു.

കോട്ടയ്ക്കലിൽ എൻ.എ മുഹമ്മദ്‌കുട്ടിയും ,കുട്ടനാട്ടിൽ മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസും മത്സരിക്കും. എൻ.സി.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് നടക്കും. യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എലത്തൂരിലടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥാനാർത്ഥി പട്ടിക പാ‌ർട്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചതിനാൽ ഇനി എതിർപ്പുകൾക്ക് പ്രസ്കതിയില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. അടുത്തവട്ടം മണ്ഡലം യുവാക്കൾക്കായി ഒഴിഞ്ഞുകൊടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ശശീന്ദ്രൻ മറുപടി നൽകിയില്ല.

ഇന്നലെ ഡൽഹിയിലെത്തി ശരദ് പവാറുമായി ടി.പി പീതാംബരൻ , മന്ത്രി എ.കെ ശശീന്ദ്രൻ, ദേശീയ സെക്രട്ടറിമാരായ എൻ.എ മുഹമ്മദ് കുട്ടി, ജോസ്മോൻ എന്നിവരും ,ശശീന്ദ്രനെതിരെ എതിർപ്പുയർത്തിയ നേതാക്കളുമാണ് കൂടിക്കാഴ്ച നടത്തിയത്. സംഘടനയിലടക്കം യുവാക്കൾക്ക് കൂടുതൽ അവസരം നൽകാമെന്ന് ശരദ് പവാർ വാഗ്ദാനം ചെയ്തു. തുടർന്ന് എല്ലാ നേതാക്കളും ഒരുമിച്ച് മാദ്ധ്യമപ്രവർത്തകരെ കണ്ടാണ് മടങ്ങിയത്.