parliment

ന്യൂഡൽഹി: രണ്ടാം ഘട്ട ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനവും ഇന്ധന, പാചകവാതക വില വർദ്ധനവിനെ ചൊല്ലി പ്രതിപക്ഷമുയർത്തിയ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു.

ജനത്തിന്റെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില വർദ്ധന മറ്റ് നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയതോടെയാണ് ഇരു സഭകളിലും പ്രതിഷേധം തുടങ്ങിയത്. ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയും നോട്ടീസ് നൽകിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒരു വർഷമായി രണ്ടു സമയങ്ങളിൽ സമ്മേളിച്ചിരുന്ന ഇരു സഭകളും ഇന്നലെ രാവിലെ 11ന് ചേർന്നു. എം.പിമാർ അതത് സഭകളിലാണ് ഇരുന്നതും. എന്നാൽ സുരക്ഷിത അകലം പാലിക്കാൻ ചില എം.പിമാർക്ക് സന്ദർശക ഗാലറികളിലേക്ക് മാറേണ്ടി വന്നു.

അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ കോൺഗ്രസ്, ശിവസേന, ഡി.എം.കെ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. തുടർന്ന് ഇരു സഭകളിലും ആദ്യം 12മണി വരെയും, വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടർന്നതിനെ തുടർന്ന് രണ്ടുമണി വരെയും നടപടികൾ നിറുത്തിവച്ചു. രണ്ടു മണിക്കും ബഹളത്തിന് ശമനമില്ലാതെ വന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു.