ന്യൂഡൽഹി : കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിതരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഹർജിക്കാർ.

കോർപ്പറേറ്റ് ഭീമൻമാരിൽ നിന്ന് രാഷട്രീയ പാർട്ടികൾക്ക് വലിയ തുകകൾ സംഭാവന സ്വീകരിക്കാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഇതുവഴി പാർട്ടികൾക്ക് കിട്ടുന്ന അജ്ഞാത സംഭാവനകൾ വൻതോതിൽ വർദ്ധിക്കുമെന്നും അത് ജനാധിപത്യത്തിന് ദോഷമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവനകൾ എത്രയെന്ന് നിലവിലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയാൻ കഴിയില്ല. സംഭാവന ചെയ്യുന്നവരുടെ വിവരങ്ങൾ സുതാര്യതയ്‌ക്കായി പുറത്ത് വിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

വിദേശത്തു നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും രാഷട്രീയ പാർട്ടികൾ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ട്. ഇതിൽ ആരാണ് പണം നൽകുന്നത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് 2017ൽ അരുൺ ജെയി‌റ്റ്‌ലി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2018 മാർച്ച് 18 ന് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കുകയും ചെയ്തു.

ഇലക്‌ടറൽ ബോണ്ട്

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്ന് നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. ഇവ അംഗീകൃത ബാങ്കുകളിലെ പാർട്ടികളുടെ അക്കൗണ്ടുകൾ മുഖേന പണമാക്കി മാറ്റാം.ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല.