ന്യൂഡൽഹി: വിമാന യാത്രക്കാർ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് ഡൽഹി ഹൈക്കോടതി.

കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിനുള്ളിൽ കയറിയ ജഡ്ജി ഞെട്ടി. ചിലർ മാസ്ക് ധരിച്ചിട്ടേയില്ല. മറ്റുള്ളവർ താടിക്ക് മാസ്‌കിട്ടിരിക്കുന്നു. യാത്രക്കാരുടെ അലംഭാവത്തെക്കുറിച്ചു ചോദിച്ചപ്പോൾ തങ്ങൾ നിസഹായരാണെന്നായിരുന്നു കാബിൻ ക്രൂവിന്റെ മറുപടി.

തുടർന്ന് കോടതിയിലെത്തിയ ജസ്റ്റിസ് സി. ഹരിശങ്കർ വിഷയത്തിൽ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. പൊതു താത്പര്യ ഹർജിയായി പരിഗണിച്ചാണ് ഡൽഹി കോടതി മാസക് വിഷയത്തിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

രാജ്യം പകർച്ചവ്യാധി ഭീഷണിയിൽ ഭയചകിതരായിരിക്കുമ്പോൾ എയർകണ്ടീഷൻ ചെയ്ത് അടച്ചുപൂട്ടിയ വിമാനത്തിനുള്ളിൽ ഒരാൾക്കെങ്കിലും കൊവിഡ് ഉണ്ടെങ്കിൽ ഇത്തരത്തിൽ മാസ്‌ക് ധരിക്കാതെ ഇരിക്കുന്നത് എത്ര മാത്രം അപകടകരമായിരിക്കുമെന്ന് എട്ട് പേജുള്ള ഉത്തരവിൽ ജഡ്ജി ചൂണ്ടിക്കാട്ടി.

സർക്കാർ നിർദ്ദേശിച്ച പ്രകാരം മൂക്കും വായും മൂടുന്ന വിധത്തിലാകണം മാസ്‌ക് ധരിക്കേണ്ടത്. വിമാനം പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ ഇക്കാര്യം ധരിപ്പിക്കണം. അനുസരിക്കാത്തവരെ വിമാനത്തിൽ നിന്ന് ഇറക്കിവിടണം. ആവർത്തിച്ചു തെറ്റു ചെയ്യുന്ന യാത്രക്കാരെ കരിമ്പട്ടികയിൽപ്പെടുത്തണം. സ്ഥിരമായോ നിശ്ചിത കാലത്തേയ്‌ക്കോ ഇവരെ യാത്ര ചെയ്യാൻ അനുവദിക്കരുത്. യാത്രയ്ക്കിടെ പാലിക്കേണ്ട നിബന്ധനകൾ എന്തൊക്കെയെന്ന് ഡി.ജി.സി.എ വ്യക്തമായി വിശദീകരിക്കണം. വെബ് സൈറ്റിൽ പ്രാധാന്യത്തോടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.