മരണം 280തെന്ന് കിസാൻ മോർച്ച
ന്യൂഡൽഹി: കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു കർഷകൻ കൂടി ഇന്നലെ ഡൽഹി അതിർത്തിയിലെ തിക്രി സമരകേന്ദ്രത്തിൽ മരിച്ചു. ഹരിയാനയിലെ ജിന്ദിൽ നിന്നുളള കർഷകൻ രാധേശ്യാമാണ് (50) മരിച്ചത്. ഇതോടെ നൂറ് ദിവസം പിന്നിട്ട കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം 280 ആയെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കഴിഞ്ഞദിവസം ഈ സമരകേന്ദ്രത്തിന് സമീപം ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 49കാരനായ രാജ്ബീർ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.
അതേസമയം കർഷക സമരം പരിഹരിക്കാൻ കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് 9 അംഗ സമിതി രൂപീകരിച്ചുവെന്ന വാർത്ത സംയുക്ത കിസാൻ മോർച്ച നിഷേധിച്ചു. അങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്ന് കിസാൻ മോർച്ച നേതാവ് ഡോ. ദർശൻ പാൽ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസാമിലും പശ്ചിമബംഗാളിലും ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച നേതാക്കൾ 12 മുതൽ സന്ദർശനം നടത്തും. മൂന്ന് ദിവസം ഈ സംസ്ഥാനങ്ങളിൽ നേതാക്കൾ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
കിസാൻ മസ്ദൂർ ജാഗ്രിതി യാത്ര യു.പിയിലെ ബിജ്‌നോർ കടന്ന് ഇന്നലെ ഉത്തരാഖണ്ഡിലെ ജസ്‌പൂരിലെത്തി.
ഇന്ന് ദിനേഷ്‌പൂരിലെത്തും. ഇതുവരെ 300 കി.മി പിന്നിട്ട യാത്ര 200ഓളം ഗ്രാമങ്ങളും ടൗണുകളും കടന്നുപോയതായും കിസാൻ മോർച്ച അറിയിച്ചു.