
ന്യൂഡൽഹി:കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ കൂട്ടുകെട്ടുണ്ടാക്കിയെന്നും അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാദ പ്രതിവാദങ്ങൾ വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ആളുകളെ കബളിപ്പിക്കലാണിത്. എവിടെ പ്രസംഗിച്ചാലും രാഹുൽഗാന്ധിയെ കടന്നാക്രമിക്കുന്ന അമിത് ഷാ തിരുവനന്തപുരത്ത് രാഹുൽഗാന്ധിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ലക്ഷ്യം വ്യക്തമല്ലേ, കൂട്ടുകെട്ട് വ്യക്തമല്ലേ, ഈ കൂട്ടുകെട്ടാണ് ഇവിടെ നടക്കുന്നത്.
സ്വർണക്കള്ളക്കടത്തിന്റെ അന്വേഷണം ആവിയായി. എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം പാതിവഴിക്ക് നിറുത്തി. അമിത് ഷാ മറുപടി പറയണം. അന്വേഷണം നിറുത്തിയത് സി.പി.എം - ബി.ജെ.പി രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമായാണ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം ഏതെന്ന് അമിത് ഷാ വ്യക്തമാക്കണം. അമിത് ഷാ മാലാഖ ചമയേണ്ട. രാജ്യത്തെ വർഗീയതയുടെ ആൾ രൂപമാണ്. അമിത് ഷായുടെ ഗിരിപ്രഭാഷണം കേരളത്തിൽ ചെലവാകില്ല. അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പരസ്പരമുള്ള കള്ളക്കളിയാണ്. പരസ്പരം അറിഞ്ഞുകൊണ്ട് നടത്തുന്ന നാടകം മാത്രമാണ്. ഇവർ രണ്ടുപേരുടെയും ലക്ഷ്യം കോൺഗ്രസിനെ ദുർബലപ്പെടുത്തുകയെന്നതാണ്. കേരളത്തിൽ ബി.ജെ.പിക്കൊരു സീറ്റും ലഭിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഷാഫിയെ മാറ്റുന്നുമെന്ന വാർത്ത തെറ്റ്: ചെന്നിത്തല
ഷാഫി പറമ്പിൽ പാലക്കാട്ട് നിന്ന് മാറി മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് മാറ്റത്തിന്റെ കാര്യം ആരും ആലോചിച്ചിട്ടില്ല. ഷാഫി പറമ്പിൽ മാറുമെന്ന് ഒരു മാദ്ധ്യമം തെറ്റായാണ് റിപ്പോർട്ടു ചെയ്തത്. എം.എൽ.എ എന്ന നിലയിലാണ് ഷാഫി പദയാത്ര നടത്തുന്നത്. സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക രണ്ടു ദിവസത്തിനുള്ളിലുണ്ടാകും.
യാക്കോബായ സഭ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും, വിജയൻ തോമസ് നേതൃത്വത്തിനെതിരെ ഒരാക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എൽ.ഡി.എഫിന് തുടർഭരണമുണ്ടാകുമെന്ന അഭിപ്രായ സർവേകളിൽ വിശ്വാസമില്ല. തട്ടിക്കൂട്ട് സർവേകൾ പലതും തെറ്റാണെന്ന് പിൽക്കാലത്ത് തെളിഞ്ഞിട്ടുണ്ട്. ഒരു സർവേയും യഥാർത്ഥ ജനവികാരം പ്രതിഫലിപ്പിക്കുന്നതല്ല.
പന്തളം സുധാകരന്റെ സഹോദരൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. കോൺഗ്രസ് എന്ന വടവൃക്ഷത്തിന്റെ ഒരു ഇല മാത്രമായാണതിനെ കാണുന്നത്. എത്ര അവസരവാദികൾ കോൺഗ്രസ് വിട്ടുപോയിട്ടുണ്ട്. നേമത്ത് ബി.ജെ.പിക്കെതിരെ ഏറ്റവും ശക്തമായ സ്ഥാനാർത്ഥിയെ നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാടകം: മുല്ലപ്പള്ളി
ദേശീയതലത്തിൽ ബി.ജെ.പിയുമായി മുഖാമുഖം പോരാടുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബി.ജെ.പിയെ ചെറുക്കുന്നത് രാഹുലും സോണിയയുമാണ്. ഇടതുപക്ഷം ഒളിച്ചുകളിക്കുകയാണ്. കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളും മതനിരപേക്ഷ സമൂഹവും ഇത് തിരിച്ചറിയുന്നുണ്ട്. ജാള്യത മറയ്ക്കാനാണ് ധർമ്മടത്ത് മുഖ്യമന്ത്രി ചില ധർമ്മഭാഷണങ്ങൾ നടത്തിയതെന്നും ശംഖുമുഖത്ത് അമിത് ഷാ നടത്തിയതും ഇതേ നാടകം തന്നെയാണ്. നിയമസഭയിലേക്ക് താൻ മത്സരിക്കില്ല. ഹൈക്കമാൻഡുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എം.പിമാർക്ക് ഒരു ഇളവും നൽകില്ല.
ഉത്തരങ്ങൾ വേണം: ഉമ്മൻചാണ്ടി
അമിത് ഷാ മുഖ്യമന്ത്രിയോടും മുഖ്യമന്ത്രി തിരിച്ചും ചില ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ജനങ്ങൾക്ക് ചോദ്യങ്ങളല്ല, ഉത്തരം കിട്ടണം. ഇവിടെ ജനങ്ങൾ ആഗ്രഹിക്കുന്നത് ചോദ്യങ്ങളിലുന്നയിച്ചിട്ടുള്ള കുറ്റങ്ങൾക്ക് നടപടിയാണ്. അത് സ്വീകരിക്കാൻ അമിത് ഷാ തയാറാകുമോ?. എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മൽസരമെന്ന് അമിത് ഷാ പറയുന്നു. ഇവിടെ മത്സരം ആര് തമ്മിലാണെന്ന് കുട്ടികൾക്ക് പോലും അറിയാം.