
ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും രൂക്ഷവിമർശനം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കേരളത്തിലെ എ, ഐ ഗ്രൂപ്പുകൾക്കെതിരെയും ഹൈക്കമാൻഡിനെതിരെയും രൂക്ഷവിമർശനയമുയർത്തി, മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പാർട്ടിവിട്ടു. രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്കും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കൈമാറി. എൻ.സി.പിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബി.ജെ.പിയിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലുള്ള ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചാക്കോയുടെ രാജിയിൽ പ്രതികരിക്കാൻ തയ്യാറായില്ല.
കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എച്ച്.കെ. പാട്ടീലിന്റെ വസതിയിൽ രാവിലെയെത്തി പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചാക്കോ വാർത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്.
കേരളത്തിൽ ഗ്രൂപ്പില്ലാത്തവർക്ക് പ്രവർത്തിക്കാനാകില്ലെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാർട്ടിവിടാൻ കാരണമെന്നും ചാക്കോ പറഞ്ഞു. ഭാവി തീരുമാനങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സീറ്റുമായി ബന്ധപ്പെട്ട തർക്കമല്ല രാജിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയാണ്. വിജയസാദ്ധ്യതയും മാനദണ്ഡമാകുന്നില്ല. ഗ്രൂപ്പ് മാത്രമാണ് മാനദണ്ഡം. തിരഞ്ഞെടുപ്പ് സമിതി അംഗമായിട്ടും സ്ഥാനാർത്ഥികളുടെ പേരു പോലും തനിക്കറിയില്ല. തിരഞ്ഞെടുപ്പ് സമിതിയിലെ 40 പേരിൽ ഗ്രൂപ്പ് നേതാക്കളൊഴികെ ആരും സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിലുള്ള പേരുകൾ കണ്ടിട്ടില്ല. പേരുകൾ ഉമ്മൻചാണ്ടിയുടെയും രമേശിന്റെയും മനസിൽ മാത്രമാണ്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയില്ല. ഗ്രൂപ്പുകൾ മാത്രമേയുള്ളൂ. എ, ഐ എന്നീ രണ്ടുപാർട്ടികളുടെ ഏകോപന സമിതിയായി കെ.പി.സി.സി.
പ്രസിഡന്റായിരിക്കെ വി.എം. സുധീരനെ ഗ്രൂപ്പുകൾ ശ്വാസംമുട്ടിച്ച് പുറത്തുചാടിച്ചു. കേരളത്തിലെ ഗ്രൂപ്പുകളിക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകുകയാണെന്നും ദേശീയതലത്തിൽ നേതൃത്വമില്ലാത്തത് പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും ചാക്കോ ആരോപിച്ചു.
നാലു തവണ ലോക്സഭാംഗവും മുൻസംസ്ഥാനമന്ത്രിയുമായ ചാക്കോ ടു.ജി സ്‌പെക്ട്രം കേസ് അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ ചെയർമാനായിരുന്നു. 2014ൽ നടൻ ഇന്നസെന്റിനോട് ചാലക്കുടിയിൽ പരാജയപ്പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ചാക്കോ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി, കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.സി.സി വക്താവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ആന്റണിയോടൊപ്പം കോൺഗ്രസ് എസ് രൂപീകരിച്ച് 1980ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ സംസ്ഥാന വ്യവസായ മന്ത്രിയായി. പിന്നീട് ആന്റണി ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാക്കോ കുറച്ചുകാലം കൂടി കോൺഗ്രസ് എസിൽ തുടർന്നു. പിന്നീട് രാജീവ്ഗാന്ധിയുടെ അഭ്യർത്ഥനയെ തുടർന്നാണ് കോൺഗ്രസിലേക്ക് മടങ്ങിയത്.