pc-chako

ന്യൂഡൽഹി: കെ.എസ്.യു നേതാവായി വന്ന് സംസ്ഥാന രാഷ്‌ട്രീയത്തിലൂടെ ശ്രദ്ധേയനായി പിന്നീട് എം.പിയായി ഡൽഹിയിലെത്തിയ ശേഷം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്‌തനായി മാറിയ നേതാവാണ് ഗ്രൂപ്പിസത്തിന്റെ പേരിൽ പാർട്ടിവിട്ട പി.സി. ചാക്കോ. കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്രം ഭരിച്ച രണ്ട് യു.പി.എ സർക്കാരുകളുടെ കാലത്തും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. യു.പി.എ കാലത്തെ ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷനും എ.ഐ.സി.സി വക്താവുമായിരുന്ന ചാക്കോ പിന്നീട് പാർട്ടി തോൽവി ഏറ്റുവാങ്ങിയ ശേഷവും ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ക്ഷണിതാവായി ഹൈക്കമാൻഡിനൊപ്പമുണ്ടായിരുന്നു.

1968ൽ കെ.എസ്.യു ജനറൽ സെക്രട്ടറിയും 1970ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ചാക്കോ 1980ൽ ആന്റണി കോൺഗ്രസിന്റെ ഭാഗമായി ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നീട് രാജീവ് ഗാന്ധിയുടെ അഭ്യർത്ഥനയെ തുടർന്ന് കോൺഗ്രസിൽ തിരിച്ചെത്തി. 1991ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഡൽഹിയിലേക്ക് കളം മാറ്റുകയും ഹൈക്കമാൻഡിന്റെ വിശ്വസ്‌തനായി മാറുകയുമായിരുന്നു.

കഷ്‌ടകാലം തുടങ്ങിയത്

ന്യൂഡൽഹി നഗര ഹൃദയത്തിലെ വിൻസ്ഡർ പാലസ് റോഡിലെ ചാക്കോയുടെ വസതി ശ്രദ്ധാകേന്ദ്രമായിരുന്നു. യു.പി.എ സർക്കാരിനെയും കോൺഗ്രസിനെയും വലച്ച ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷനായത് ഹൈക്കമാൻഡിലെ സ്വാധീനത്തിന്റെ തെളിവായി. കോൺഗ്രസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി നിരന്തരം ആരോപണമുന്നയിച്ചിരുന്നു.

2014ൽ കോൺഗ്രസിന് കേന്ദ്രത്തിൽ ഭരണം നഷ്‌ടപ്പെട്ട കാലം മുതൽ ചാക്കോയുടെയും കഷ്‌ടകാലം തുടങ്ങി. ഡൽഹി മുഖ്യമന്ത്രി ഷീലാദീക്ഷിതുമായുള്ള അഭിപ്രായ ഭിന്നതകളും പ്രതികൂലമായി. ഒടുവിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻ തോൽവി ഏറ്റുവാങ്ങിയതും തിരിച്ചടിയായി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പടലപ്പിണക്കങ്ങളുടെ ഫലമായി തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് മാറി മത്സരിച്ചെങ്കിലും ഇടതു സ്വതന്ത്രനായ ചലച്ചിത്രതാരം ഇന്നസെന്റിനോട് പരാജയപ്പെട്ടു.

സോണിയാഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധിയിലേക്കുള്ള അധികാര കൈമാറ്റം ഹൈക്കമാൻഡിലെ മറ്റ് മുതിർന്ന നേതാക്കളെപ്പോലെ ചാക്കോയുടെ സ്വാധീനത്തിലും ഇടിവുണ്ടാക്കി. തുടർന്നാണ് നാട്ടിൽ തൃശൂരിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ തൃശൂരിലെയും സംസ്ഥാന രാഷ്‌ട്രീയത്തിലെയും ഗ്രൂപ്പിസത്തിനൊപ്പം തുഴയെറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സോണിയയെയും രാഹുലിനെയും പ്രത്യക്ഷമായി കുറ്റപ്പെടുത്തിയില്ലെങ്കിലും ജി-23 എന്നറിയപ്പെടുന്ന വിമത നേതാക്കളെ പിന്തുണച്ച് പാർട്ടി നേതൃത്വത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പടിയിറക്കം.