supream-court

ന്യൂഡൽഹി: ഭർത്താവിന്റെ വീട്ടിൽ വച്ച് ഭാര്യയ്ക്ക് സംഭവിക്കുന്ന ഏതൊരു പരിക്കിനും ആക്രമണത്തിനും ഭർത്താവ് ഉത്തരവാദിയാണെന്ന് സുപ്രീംകോടതി. ഏതെങ്കിലും ബന്ധുക്കൾ മൂലമാണ് പരിക്കേറ്റതെങ്കിലും പ്രാഥമിക ഉത്തരവാദിത്വം ഭർത്താവിനായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഭാര്യയെ ആക്രമിച്ച കേസിൽ ലുധിയാന സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ചതായും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ഗർഭഛിദ്രം നടത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

എന്നാൽ, താൻ അല്ല പിതാവാണ് ബാറ്റ് കൊണ്ട് മർദ്ദിച്ചതെന്നായിരുന്നു ഭർത്താവിന്റെ വാദം.

'നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങളാണോ പിതാവാണോ മർദ്ദിച്ചത് എന്നത് ഇവിടെ പ്രസക്തമല്ല. ഭർതൃവീട്ടിൽ വച്ച് ഭാര്യയുടെ നേർക്കുള്ള ഏതൊരു അക്രമത്തിനും പ്രാഥമിക ഉത്തരവാദിത്വം ഭർത്താവിനാണെന്ന്' കോടതി പറഞ്ഞു.

കേസിൽ ആരോപണവിധേയനായ ആളുടെ മൂന്നാം വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. 2018ൽ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് മർദ്ദിക്കുന്നതായി കഴിഞ്ഞ ജൂലായിലാണ് സ്ത്രീ പരാതിപ്പെട്ടത്.