
ന്യൂഡൽഹി: സെക്ഷൻ 138 പ്രകാരമുള്ള ചെക്ക് കേസുകൾ അടിയന്തരമായി തീർപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ശുപാർശ ചെയ്യാൻ പ്രത്യേക കമ്മിറ്റിക്ക് സുപ്രീംകോടതി രൂപം നൽകി. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.സി. ചവാനാണ് കമ്മിറ്റി അദ്ധ്യക്ഷൻ. എൻ.എ.എൽ.എസ്.എ. പ്രതിനിധിയെ സെക്രട്ടറിയാക്കണം.
ആഭ്യന്തരം, നിയമം, ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്‌സ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് അഡീഷണൽ സെക്രട്ടറി പദവിക്ക് മുകളിലുള്ള ഒാരോ ഉദ്യോഗസ്ഥർ, ആർ.ബി.ഐ. ഗവർണർ ശുപാർശ ചെയ്യുന്ന ആർ.ബി.ഐ. പ്രതിനിധി, ഐ.ബി.എ. ചെയർമാൻ ശുപാർശ ചെയ്യുന്ന ബാങ്കിംഗ് ഇൻഡസ്ട്രീസ് പ്രതിനിധി, നിയമ പ്രതിനിധിയായി സോളിസിറ്റൽ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്നയാൾ എന്നിവരാകും കമ്മിറ്റിയിലുണ്ടാവുക.
ആദ്യ മീറ്റിംഗ് ഉടൻ ചേരണം. ശേഷം മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. രാജ്യത്തെ വിവിധ കോടതികൾ കെട്ടിക്കിടക്കുന്ന കേസുകൾ എത്രയും പെട്ടെന്ന് കേസുകൾ തീർപ്പാക്കാൻ ആവശ്യമായ കൃത്യമായ നടപടികൾ നിർദ്ദേശിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മിറ്റിയ്ക്കാവശ്യമായ സഹായങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി ഒരു മുഴുവൻ സമയ സെക്രട്ടറി, കമ്മിറ്റിക്കായി ഓഫീസ്, മറ്റ് അലവൻസുകൾ എന്നിവ നൽകാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്കി.