
ന്യൂഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെതിരെ നിയമസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ആറ് മണിക്കൂർ ചർച്ചയ്ക്ക് ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ബി.ജെ.പി - ജെ.ജെ.പി സഖ്യത്തിന് 53 വോട്ടും പ്രതിപക്ഷത്തിന് 32 വോട്ടും കിട്ടി.
കർഷകരുടെ പിന്തുണ ആർജ്ജിക്കുക , കാർഷിക നിയമങ്ങൾക്കെതിരെ സഭയിൽ ചർച്ച സജീവമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരാജയപ്പെടും എന്നറിഞ്ഞിട്ടും കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. ബഡ്‌ജറ്റ് സെഷൻ ആരംഭിച്ച മാർച്ച് അഞ്ചിനാണ് ഹൂഡ പ്രമേയം സമർപ്പിച്ചത്. പ്രമേയം സ്വീകരിച്ച സ്പീക്കർ മാർച്ച് പത്തിന് ചർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഏതൊക്കെ എംഎൽഎമാരാണു കർഷകർക്കൊപ്പം നിൽക്കുന്നതെന്ന് അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പോടെ ജനം തിരിച്ചറിഞ്ഞുവെന്ന് കോൺഗ്രസ് വ്യക്തമാക്കി. സർക്കാരിനു യാതൊരു ഭീഷണിയും ഇല്ലെന്നും അഞ്ചു വർഷം തികയ്ക്കുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചു.90 അംഗ സഭയിൽ ഇപ്പോൾ 88 പേരാണുള്ളത്. കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവ് അഭയ് ചൗട്ടാല രാജിവച്ചിരുന്നു. കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരിയെ കലാപക്കേസുമായി ബന്ധപ്പെട്ട് അയോഗ്യനാക്കുകയും ചെയ്തു. ഇപ്പോഴത്തെ നിലയിൽ ഭരണസഖ്യത്തിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. ഭൂരിപക്ഷത്തിന് 45 പേരുടെ പിന്തുണയാണു വേണ്ടത്.