
ന്യൂഡൽഹി: പാകിസ്ഥാന്റെയും ചൈനയുടെയും വെല്ലുവിളികൾ കരയിലും കടലിലും പ്രതിരോധിക്കാൻ അമേരിക്കയിൽ നിന്ന് 2,189 കോടി രൂപയുടെ (300 കോടി ഡോളർ) 30 സായുധ ഡ്രോണുകൾ ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. അമേരിക്കയിലെ സാൻഡിയാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്‌സിൽ നിന്ന് എം.ക്യു9ബി പ്രിഡേറ്റർ ഡ്രോണുകളാണ് വാങ്ങുന്നത്. 1700 കിലോഗ്രാം ഭാരം വഹിച്ച് 48 മണിക്കൂർ തുടർച്ചയായി പറക്കാനാകുമെന്നതാണ് എം.ക്യു.9ബി ഡ്രോണുകളുടെ പ്രത്യേകത.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് യുദ്ധക്കപ്പലുകളെയും ഹിമാലയത്തിലെ ഇന്ത്യ-പാക് സംഘർഷാതിർത്തിയും നിരീക്ഷിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുക.
തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലും ഇന്ത്യൻ മഹാമുദ്രത്തിലും ചൈനയുടെ സ്വാധീനത്തെ നേരിടാൻ അമേരിക്കയുടെ പ്രതിരോധതന്ത്ര പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധവിദഗദ്ധർ പറയുന്നു. അതേസമയം, ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ ജനറൽ അറ്റോമിക്‌സോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.