
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ത് ? ഇന്ത്യക്കാരോടാണ് ചോദ്യമെങ്കിൽ കുടുംബം എന്നതാകും തൊന്നൂറ്റിയൊൻപത് ശതമാനം പേരുടേയും ഉത്തരം. തങ്ങളെ സ്‌നേഹിക്കുന്നതിനെക്കാൾ നൂറിരട്ടി കുടുംബത്തെ സ്‌നേഹിക്കുന്നവരും കുടുംബത്തിനായി ജീവിക്കുന്നവരുമാണ് ഇന്ത്യക്കാർ.
ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ സുഖങ്ങളും ദുഃഖങ്ങളും ആഘോഷങ്ങളുമെല്ലാം കുടുംബവുമായി കൂട്ടിയിണക്കിയാണ് ഇന്ത്യക്കാർ ജീവിക്കുന്നത്. ഒറ്റയ്ക്ക് തന്നിലേക്കൊതുങ്ങി ജീവിക്കാതെ സഹജീവികൾക്കൊപ്പം സഹവസിച്ച് ജീവിക്കുക. കേൾക്കുമ്പോൾ വളരെ മനോഹരമായി ഭാരതീയ കുടുംബ സങ്കല്‌പം. എന്നാൽ ' ഈ' കുടുംബം നിഷേധിക്കപ്പെടുന്നൊരു കൂട്ടരുണ്ട് നമ്മുടെ സമൂഹത്തിൽ. ട്രാൻസ്‌ജെൻഡറുകളും സ്വവർഗാനുരാഗികകളും ഉൾപ്പെടുന്ന എൽ.ജി.ബി.റ്റി.ക്യൂ സമൂഹം.
ആണിന്റെ ശരീരവും പെണ്ണിന്റെ മനുസുമുള്ളവർ അല്ലെങ്കിൽ തിരിച്ചും. സ്വവർഗത്തെ സ്‌നേഹിക്കുന്നവർ അങ്ങനെ ആണും പെണ്ണും മാത്രമല്ല തങ്ങളും ഈ ലോകത്തിന്റെ അവകാശികളാണെന്ന് തെളിയിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ഒരു കൂട്ടർ. സാധാരണ കുട്ടികളായി കുടുംബങ്ങളിൽ വളർത്തപ്പെടുന്ന എൽ.ജി.ബി.റ്റി.ക്യൂ സമൂഹത്തിലുള്ളവർ സ്വത്വം തിരിച്ചറിഞ്ഞ് വ്യക്തിത്വം പുറത്തറിയിക്കുമ്പോൾ വീട്ടുകാർ തന്നെയാണ് ആദ്യം അവരെ കുടുംബമെന്ന 'പ്രപഞ്ചത്തിൽ' നിന്ന് തെരുവിലേക്ക് ആട്ടി എടുത്തെറിയുന്നത്. സ്വന്തം സ്വത്വം ധൈര്യത്തോടെ പുറംലോകത്തെ അറിയിച്ച് എൽ.ജി.ബി.റ്റി.ക്യൂ സമൂഹത്തിൽ ജീവിക്കുന്ന തൊണ്ണൂറ്റിയൊൻപതു ശതമാനം പേർക്കും കുടുംബമൊരു ഫ്‌ളാഷ് ബാക്കാണ്. ഇന്നലെകളിൽ എവിടെയോ നഷ്‌ടപ്പെട്ടു പോയ അമൂല്യമായ സ്വത്ത്. ശേഷം അതിജീവനത്തിന്റെ നാളുകൾ. ജീവിത വഴിത്താരയിൽ എവിടെയെങ്കിലും വച്ച് ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ, ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ അതിനുള്ള വിദൂര സാദ്ധ്യതപോലും ഇന്ത്യൻ നിയമത്തിലില്ല. നിയമം ആണിനും പെണ്ണിനും വേണ്ടി മാത്രം നിലകൊള്ളുമ്പോൾ ഇവർക്ക് കുടുംബം സ്വപ്നമായി അവശേഷിക്കുന്നു.
ആരൊക്കെയാണ് കുടുംബം
10 വയസുള്ള ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണ് രാഗാ ഓൾഗാ ഡിസൽവ - നിക്കോള ഫെന്റൻ ദമ്പതികൾ. മുംബൈ സ്വദേശിയാണെങ്കിലും ലണ്ടനിൽ പരസ്യവിഭാഗത്തിലാണ് രാഗ പ്രവർത്തിക്കുന്നത്. അങ്ങനെയാണ് സ്വവർഗാനുരാഗിയായ ഇവർ നിക്കോളയുമായി അടുക്കുന്നതും. 13 വർഷത്തെ ബന്ധം. ഇതിനിടെ കുട്ടികൾ വേണമെന്ന് തോന്നി, ദത്തെടുത്തു. പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഇഷ്ടമുള്ളവരെ ( ലിംഗഭേദമില്ലാതെ) വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനും കുട്ടികളെ ദത്തെടുക്കാനും അവകാശം നൽകുന്ന അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16 (യൂണിവേഴ്‌സൽ ഡിക്ലറേഷൻ ഒഫ് ഹ്യൂമൻ റൈറ്റ്‌സ് ) ദമ്പതികൾക്ക് നിയമസഹായം നൽകി.
എന്നാൽ കുട്ടികളുമായി ഇന്ത്യയിൽ ജീവിക്കണമെന്ന് ദമ്പതികൾക്ക് തോന്നിയതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. അയൽക്കാർ, വീട്ടുകാർ എന്തിന് സ്‌കൂൾ പ്രവേശനം പോലും കീറാമുട്ടിയായി. ഇതോടെ ഇന്ത്യ എന്ന സ്വപ്നം ഉപേക്ഷിച്ച് ദമ്പതികൾ ലണ്ടനിലേക്ക് മടങ്ങിപ്പോയി.
സിംഗിൾ മദറായി കുഞ്ഞിനെ പോറ്റാൻ പോലും ഒരു സ്ത്രീയ്ക്ക് നിരന്തരം സാമൂഹിക മാമൂലുകളോട് യുദ്ധം ചെയ്യേണ്ടി വരുന്ന രാജ്യത്ത് എൽ.ജി.ബി.റ്റി.ക്യൂ മാതാപിതാക്കളെ എങ്ങനെ അംഗീകരിക്കാനാണ് അല്ലേ !
2018ൽ സ്വവർഗരതി കുറ്റകൃത്യമല്ലെന്ന സുപ്രീംകോടതി വിധി ഇന്ത്യയുടെ നിയമചരിത്രത്തിൽ ഒരു മഴവിൽ മുഹൂർത്തം സൃഷ്ടിച്ചെങ്കിലും അച്ഛനും അമ്മയും ആകാനുള്ള അവകാശം, വിവാഹം ചെയ്യാനുള്ള അവകാശം എന്നിവ ആണിനും പെണ്ണിനും മാത്രമാണ് നമ്മുടെ രാജ്യത്തുള്ളത്. 2017ലെ ദത്തെടുക്കൽ ഭേദഗതി നിയമപ്രകാരം വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ ദമ്പതികൾക്ക് , സിംഗിൾ മദർ എന്നിവർക്ക് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ ദത്തെടുക്കാം. സിംഗിൾ ഫാദറാണെങ്കിൽ ആൺകുഞ്ഞിനെ ദത്തെടുക്കാം.എന്നാൽ ട്രാൻസ്‌ജെൻഡറുകൾക്ക്, സ്വവർഗാനുരാഗികൾക്ക് ദത്തിന് പോലും അവകാശമില്ല. അതായത് ജീവശാസ്ത്രപരമായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത ഇവർക്ക് ദത്തിലൂടെപ്പോലും കുഞ്ഞുങ്ങളെ നിഷേധിക്കപ്പെടുന്നു.
2018ലെ അമേരിക്കയിൽ നടന്ന സർവേപ്രകാരം സ്വവർഗാനുരാഗികകളായ ദമ്പതികളിൽ 70 ശതമാനം പേരും വാടകഗർഭപാത്രങ്ങളുടെ സഹായത്തോടെ സ്വന്തം കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട്. 20 ശതമാനം പേരും ദത്തെടുത്ത് കുടുംബമുണ്ടാക്കുന്നു. ഇന്ത്യ 2020 ഫെബ്രുവരിയിൽ പാസാക്കിയ സറോഗസി (റെഗുലേഷൻ) ബില്ല് പ്രകാരം ഇന്ത്യക്കാരായ ദമ്പതികൾക്കും വിവാഹമോചിതരായ വിധവകളായ സ്ത്രീകൾക്കും വാടക ഗർഭപാത്രത്തിലൂടെയോ ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെയോ കുഞ്ഞുങ്ങളെ നേടാമെന്ന് പറയുന്നു. ഇതിലും എൽ.ജി.ബി.ടി.ക്യൂ സമൂഹമില്ല.
ആണും പെണ്ണും
കെട്ടിയാൽ മതി !
നിയമപരമായി വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച സ്വവർഗാനുരാഗികകളോട് കുടുംബം ആണിനും പെണ്ണിനും മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഭാരതീയ കുടുംബസങ്കല്പം അതാണത്രേ!
ആണും പെണ്ണും തമ്മിൽ കല്യാണം കഴിച്ച് കുട്ടികളുണ്ടായാൽ അത് സന്തുഷ്ടവും അതിന് പുറത്തുള്ളതൊക്കെ സദാചാരവിരുദ്ധവും അനാരോഗ്യകരവുമാണെന്ന ഒരു വീക്ഷണമാണത്. അത് നിഷ്‌കളങ്കമായുണ്ടായതല്ല. സാമ്പത്തികം തുടങ്ങി പല താത്പര്യങ്ങളിലൂടെയും കാലാന്തരത്തിൽ ഉരുത്തിരിഞ്ഞതാണ്. സ്വവർഗപ്രേമികളായ മക്കളെ അച്ഛനമ്മമാർ തന്നെ ഭയക്കേണ്ട അവസ്ഥയുണ്ടാകുന്നു. അവർ സ്വന്തം കുട്ടികളെ ഭയക്കുന്നതുകൊണ്ടല്ല അത് സംഭവിക്കുന്നത് ; സാമൂഹികമായ ധാരണകളിൽ കൂടിയാണ്. നോക്കൂ, സമൂഹത്തിന് നമ്മുടെ മേലുള്ള ശക്തി.
ഇന്ത്യയുടെ സംസ്‌കാരത്തിൽ പുരാതനകാലങ്ങളിൽ നിലനിന്നിരുന്ന ലൈംഗികവൈവിദ്ധ്യങ്ങളെ അടിച്ചമർത്തിക്കൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഐ.പി.സി. 377 -ാം വകുപ്പ് കൊണ്ടുവന്നത്. ഇതിലൂടെ പ്രജനനത്തിനായുള്ള ലൈംഗികത ഒഴികെയുള്ളതെല്ലാം പാപമാണെന്ന വിക്ടോറിയൻ സദാചാരബോധമാണ് ഇവിടെ വേരുറപ്പിച്ചത്.
ബ്രിട്ടനടക്കമുള്ള ജനാധിപത്യരാഷ്ട്രങ്ങൾ ഈ നിയമം വലിച്ചെറിഞ്ഞിട്ട് കാലങ്ങളായെങ്കിലും ഇന്ത്യയിൽ ഇത് തുടർന്നു പോരുകയായിരുന്നു. ശാരീരികപീഡനം, ജയിൽ ശിക്ഷ എന്നിവ ഉൾപ്പെടെ അനധികൃതമായി പോലും സ്വവർഗപ്രേമികൾ ഇതിന്റെ പേരിൽ ദുരിതം അനുഭവിച്ചു പോന്നു. അതിനെക്കാളുപരി ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു പോലും ഒറ്റപ്പെടുത്തലും പുറത്താക്കലും.
കാലം കണക്കു പറയിക്കും
മനുഷ്യന്റെ ലൈംഗിക അഭിരുചി, നിയമത്താൽ ചിട്ടപ്പെടത്തേണ്ടതല്ല എന്ന് ബോദ്ധ്യമുണ്ടായിട്ടും നിയമനിർമാണ സഭയോ സർക്കാരോ ഗുണപരമായ ഒരു നടപടിയും എടുക്കുന്നില്ല. കാലഹരണപ്പെട്ട സദാചാരമൂല്യങ്ങളുടെ കരുണയിലല്ല മൗലികാവകാശങ്ങൾ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കിയിട്ടുള്ള ഭരണഘടനാ കോടതികൾ പാർശ്വവത്‌കരിക്കപ്പെട്ടവർക്ക് പ്രതീക്ഷാ കേന്ദ്രങ്ങളാകുന്നത് അവയിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. ശിക്ഷയുടെ ഭയമില്ലാതെ സ്വന്തം സ്വത്വത്തിൽ തുടരാനുള്ള അവകാശം വരുംതലമുറയ്ക്ക് നേടിക്കൊടുക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സ്വവർഗാനുരാഗികളോട് നിയമത്തിന്റെ നിഴലിൽ നടത്തപ്പെട്ട ഭൂതകാല ദ്രോഹങ്ങൾക്ക് ചരിത്രം മാപ്പു ചോദിക്കുന്ന നാൾ വരും.