
ന്യൂഡൽഹി : കൊവിഡ് വ്യാപനം നിയന്ത്രിച്ച് രോഗബാധിതരുടെ എണ്ണം ഗണ്യമായ കുറച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 11ന് 64,000 സജീവ കൊവിഡ് രോഗികൾ ഉണ്ടായിരുന്നിടത്ത് മാർച്ച് 11 ആയപ്പോൾ 35,000ത്തിൽ എത്തി. ഒരു മാസത്തിനിടെ കേരളത്തിൽ രോഗികൾ കുറഞ്ഞത് ശുഭ സൂചനയാണ്.
ഒരുമാസത്തിനിടെ കൊവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തി സംസ്ഥാനങ്ങളിൽ കേരളം മുന്നിലായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. കൊവിഡ് രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളിൽ കേരളത്തിൽ നിന്ന് എറണാകുളം മാത്രമേ ഉള്ളൂ. ഉത്തർപ്രദേശിലും രോഗികകളുടെ എണ്ണം കുറയുന്നുണ്ട്.ഒരു മാസം മുൻപ് 3,200 രോഗികകളുണ്ടായിരുന്നു. ഇപ്പോൾ 1600 കേസുകൾ മാത്രം.
മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കൊവിഡ് കുറയാത്തതിൽ കേന്ദ്രം ആശങ്കപ്രകടിപ്പിച്ചു. ഒരു മാസം മുമ്പ് 36,000 കേസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ ഒരു ലക്ഷത്തിലധികം രോഗികകളുണ്ട്. നാഗ്പൂരിൽ 1850ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ 15 മുതൽ 21വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 13659 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
പഞ്ചാബ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും കേസുകൾ കൂടുകയാണ്.
പ്രതിരോധ മാർഗങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പരമാവധി പേർക്ക് വാക്സിനേഷൻ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂറും വാക്‌സിനേഷന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ദിവസം 50 ലക്ഷം പേർക്ക് കുത്തിവയ്പ് നൽകും വിധം വാക്‌സിനേഷന്റെ വേഗത കൂട്ടും. രണ്ടാം ഘട്ടത്തിൽ 2.08 ലക്ഷം ഡോസുകൾ കുത്തിവച്ചെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
കൊവിഷീൽഡിന് ഇനി 157.50 രൂപ, സ്വകാര്യ ആശുപത്രികളിൽ മാറ്റമുണ്ടാകില്ല
ന്യൂഡൽഹി: രണ്ടാംഘട്ട മെഗാ കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാരും സീറം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് കൊവിഷീൽഡിന്റെ വില 157.50 രൂപയായി കുറച്ചു. നിലവിൽ ഒരു ഡോസിന് 210 രൂപയാണ് ഈടാക്കുന്നത്. 60 വയസിന് മുകളിലുള്ളവരുടെ രണ്ടാം ഘട്ടത്തിൽ 27 കോടി ജനങ്ങളാണ് വാക്സിനെടുക്കുന്നത്.
സർക്കാർ സബ്സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിലെ വാക്സിന് വിലക്കുറവുണ്ടാകില്ല. 150 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യ മന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകിയിരുന്നു. വാക്സിന്റെ വിലയ്ക്കൊപ്പം അഞ്ചുശതമാനം ജി.എസ്.ടി കൂടി ചേരുന്നതാണ് 157.50 രൂപയാകുക.
ഇതുവരെ രണ്ട് കോടിയിലധികം പേർക്ക് രാജ്യത്ത് കൊവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സി നൽകാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായി രാജ്യത്തെ വാക്സിനേഷൻ സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു.
പ്രതിദിന രോഗികൾ 22,000
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മരണം 126. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,58,189 ആയി. ആകെ രോഗികൾ 1,12,85,561. ആക്ടീവ് കൊവിഡ് കേസുകൾ 1,89,226.
കൊവിഡ് രോഗികൾ 2133
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2133 പേർക്ക് കൊവിഡ് പൊസിറ്റീവും 13 മരണങ്ങളും സ്ഥിരീകരിച്ചു.
1862 പേർക്ക് സമ്പർക്ക രോഗബാധ. 180 പേരുടെ ഉറവിടം വ്യക്തമല്ല.14 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 69,838 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ആണ്. 3753 പേരുടെ ഫലം നെഗറ്റീവായി. 33,785 പേർ ചികിത്സയിലും 1,59,401 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.