indu-malhothra

ജസ്റ്റിസ് ഇന്ദുവിന്റെ ശബരിമലയിലെ ഭിന്നവിധിയെ പ്രശംസിച്ച് അറ്റോർണി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായത് ഭാഗ്യമാണെന്നും മൂന്നുവർഷമേ പ്രവർത്തിച്ചുവുള്ളൂവെങ്കിലും നിറഞ്ഞ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര.

ജഡ്ജി എന്ന നിലയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ സുപ്രീംകോടതിയിലെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. കോടതിയിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ നിറകണ്ണുകളോടെയാണ് ജസ്റ്റിസ് ഇന്ദു സംസാരിച്ചത്. വികാരാധീനയായതിനെ തുടർന്ന് പ്രസംഗം പൂർത്തിയാക്കാനായില്ല.

ശബരിമല സ്ത്രീപ്രവേശന കേസിൽ ഭിന്നവിധി രേഖപ്പെടുത്തി, ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കണമെന്ന് നീതിന്യായവ്യവസ്ഥയെ ഓർമിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് ജസ്റ്റിസ് ഇന്ദു ചെയ്തതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരിക്കെ 15നും 50നും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കരുതെന്ന് വിധി എഴുതി ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കാനാണ് ഇന്ദു ശ്രമിച്ചത്. അറിവുകൊണ്ടും അനുഭവസമ്പത്തു കൊണ്ടും പ്രബലരായ ജഡ്ജിമാർ 65 വയസിൽ വിരമിക്കേണ്ടിവരുന്നത് അതീവ നിർഭാഗ്യകരമാണെന്ന് അറ്റോർണി ജനറൽ ചൂണ്ടികാട്ടി.

ഇന്ദുവിനെക്കാൾ മികച്ച ഒരു ജഡ്ജിയെ താൻ കണ്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. അഭിഭാഷകയായി കോടതിയിലെത്തുമ്പോൾ മുതൽ ഇന്ദുവിനെ അറിയാം. കേസ് വ്യക്തമായി പഠിച്ചാണ് വാദിക്കാൻ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജസ്റ്റിസ് ഇന്ദു മൽഹോത്ര

 1956 മാർച്ച് 14ന് ബംഗളൂരുവിൽ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും എഴുത്തുകാരനുമായ ഓം പ്രകാശ് മൽഹോത്രയുടെയും സത്യയുടെയും നാലു മക്കളിൽ ഇളയവൾ.

 ന്യൂഡൽഹിയിൽ സ്കൂൾ വിദ്യാഭ്യാസം

 ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം.

 ഡൽഹി കാമ്പസ് ലാ സെന്ററിൽ നിന്ന് നിയമബിരുദം.

 1988 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷക.

 1991 -1996 കാലഘട്ടത്തിൽ ഹരിയാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ.

 2007 മുതൽ മുതിർന്ന അഭിഭാഷക. മുപ്പത് വർഷത്തിനിടെ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത.

 2018 ഏപ്രിൽ 27 മുതൽ സുപ്രീംകോടതി ജസ്റ്റിസ്.

സേവ് ലൈഫ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ ട്രസ്റ്റി.

 ദ ലാ ആൻഡ് പ്രാക്‌ടീസ് ഒഫ് ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ (2014)​ കൃതി രചിച്ചു.