s

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉദ്യോഗസ്ഥരെ സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയോഗിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ഗോവയിലെ ലാ സെക്രട്ടറിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതല നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ നിയമനം റദ്ദാക്കിയാണ് സുപ്രധാന വിധി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യതയും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരവും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ആർ.എഫ്.നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ ബി.ആർ.ഗവായി, ഹൃഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുൾപ്പെട്ട മറ്റു രണ്ടു പേർ.

ഇത്തരം നിയമനങ്ങൾ നിയമത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 243 (4)​ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷണറാണുള്ളതെന്ന് ഉറപ്പ് വരുത്തണം.

ഗോവ ഹൈക്കോടതി

ഉത്തരവ് ശരിവച്ചു

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ വനിത,​ എസ്.സി -​ എസ്.ടി സംവരണ വാർഡുകൾ കൂട്ടത്തോടെ ജനറൽ വാർഡുകളാക്കിയതിനെയും തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തെയും ചോദ്യംചെയ്ത് ഗോവ ഹൈക്കോടതിയിൽ 9 റിട്ട് ഹർജികൾ സമർപ്പിച്ചിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിഷ്‌പക്ഷനായി പ്രവർത്തിക്കണമെന്നും സംവരണ സീറ്റുകൾ പുനസ്ഥാപിക്കണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹൈക്കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റി സുപ്രീംകോടതി ഇടപെടലുണ്ടായത്.