mamtha-banarjee

ന്യൂഡൽഹി: അക്രമം പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനെ സ്വാധീനിക്കുന്നതാണ് ചരിത്രം. 34 വർഷം ഭരിച്ച സി.പി.എമ്മിനെ പുറത്താക്കാൻ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഉപയോഗിച്ച പ്രധാന ആയുധം ഗുണ്ടാവിളയാട്ടവും അക്രവുമായിരുന്നു. ആ പാരമ്പര്യം തൃണമൂൽ ആവർത്തിക്കുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ഇടത്-കോൺഗ്രസ് പാർട്ടികളും പ്രചരിപ്പിക്കുന്നത്.തന്റെ പുതിയ മണ്ഡലമായ നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം എതിരാളികൾക്കുമേൽ കെട്ടിവച്ച് വോട്ടാക്കാനുള്ള ശ്രമത്തിലാണ് മമത. കാലിൽ പ്ളാസ്റ്ററിട്ട് വീൽ ചെയറിൽ വോട്ടു ചോദിക്കുന്ന മമത സഹതാപ വോട്ടുകൾ വാരിക്കൂട്ടുമെന്ന് പാർട്ടി കരുതുന്നു.

എതിരാളികൾക്കു മേൽ ആധിപത്യം നേടാനും ജനങ്ങളെ വശീകരിക്കാനും മമതയുടെ 'ബംഗളാ മെയെ' (ബംഗാളിന്റെ മകൾ) എന്ന വിളിപ്പേര് തൃണമൂൽ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. 'അക്രമത്തിനിരയായ മകൾ' എന്ന കണ്ണീർ ചിത്രവുമായാകും ഇക്കുറി പ്രചാരണം. സി.പി.എമ്മിനെതിരെ 90കളിൽ ഈ തന്ത്രം മമത വിജയിപ്പിച്ചിട്ടുണ്ട്. 1990 ആഗസ്റ്റ് 16ന് ദക്ഷിണ കൊൽക്കത്തയിൽ ഒരു മാർച്ച് നയിച്ച മമതയെ സി.പി.എമ്മുകാർ ലാത്തികളുപയോഗിച്ച് ആക്രമിച്ചു. തലേവർഷം നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പുതുമുഖത്തോട് തോറ്റമ്പിയ മമത ആ ആക്രമണം വജ്രായുധമാക്കി. തലയ്‌ക്കും കൈകൾക്കും പരിക്കേറ്റ മമത ബാൻഡേജിട്ട് ജനങ്ങൾക്കിടയിലിറങ്ങി. 1991ലെ ഉപതിരഞ്ഞെടുപ്പിൽ ബാൻഡേജിട്ട് വോട്ടു ചോദിച്ചു. സഹതാപ തരംഗത്തിൽ മമത സി.പി.എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചു.

നന്ദിഗ്രാമിലെ അപകടത്തിൽ എതിരാളികളുടെ ഗൂഢാലോചനയുണ്ടെന്ന് മമത ആരോപിക്കുന്നത് പ്രചാരണത്തിൽ അത് ആയുധമാക്കാനാണ്. മമതയുടെ കാലിലും കഴുത്തിലും ഇടുപ്പിലും പരിക്കുണ്ടെന്ന് പറഞ്ഞ് തൃണമൂൽ പ്രചാരണം കൊഴുപ്പിച്ചു തുടങ്ങി. ഇതിന് തടയിടാനാണ് മമതയുടെ കാറിന്റെ വാതിൽ അബദ്ധത്തിൽ അടഞ്ഞാണ് അപകടമുണ്ടായതെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കാനും മമത ഈ അവസരം ഉപയോഗിക്കുന്നു. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയെയും എ.ഡി.ജി.പിയെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവരെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നുമാണ് മമതയുടെ ആരോപണം.

ഏതായാലും മാർച്ച് 27മുതൽ ഏപ്രിൽ 29വരെ എട്ടുഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലുടനീളം പരിക്ക് ഭേദമായാലും ഇല്ലെങ്കിലും ബാൻഡേജുമണിഞ്ഞ് വീൽചെയറിൽ മമത വോട്ടു ചോദിച്ചേക്കാം. 2016ൽ മൂന്നു അസംബ്ലി സീറ്റ് മാത്രം നേടിയ ബി. ജെ. പി 2019ൽ 18 ലോക്‌സഭാ സീറ്റു നേടി ഉയർത്തുന്ന ഭീഷണി നേരിടാൻ എല്ലാ ആയുധങ്ങളും മമത ഉപയോഗിക്കും. 2016ൽ ഭരണവിരുദ്ധ വികാരവും ഇടത്-കോൺഗ്രസ് സംഖ്യത്തിന്റെ വെല്ലുവിളിയും അതിജീവിച്ച് കഷ്‌ടിച്ചാണ് കടന്നു കൂടിയത്. ഇക്കുറി ശക്തിയാർജ്ജിച്ച ബി.ജെ.പിയും ഇടത്-കോൺഗ്രസ് സംഖ്യവും ഉയർത്തുന്ന വെല്ലുവിളി മറികടന്ന് ഭരണം നിലനിറുത്തുക എളുപ്പമല്ലെന്ന് മമതയ്‌ക്കറിയാം.