
ന്യൂഡൽഹി: പീഡനത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയാകുന്ന സാഹചര്യങ്ങളിൽ ആദ്യ ഘട്ടത്തിൽ തന്നെ ഗർഭഛിദ്രം നടക്കാൻ സഹായിക്കുന്ന മെഡിക്കൽ ബോർഡുകൾ രാജ്യത്തെ എല്ലാ ജില്ലകളിലും ആവശ്യമാണെന്ന് സുപ്രീംകോടതി. പീഡനത്തിനിരയായ ഹരിയാനയിലെ 14 കാരിയുടെ ഗർഭഛിദ്രത്തിന് അനുവദിക്കണമെന്ന അപേക്ഷയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
" പീഡിയാട്രീഷൻ , ഗൈനകോളജിസ്റ്റ് എന്നിവരുൾപ്പെട്ട മെഡിക്കൽ ബോർഡുകൾ ജില്ലകൾ തോറും സജീകരിക്കുന്നത് ആഗ്രഹിക്കാത്ത ഗർഭധാരണങ്ങളെ ആദ്യം തന്നെ ഗർഭഛിദ്രത്തിലൂടെ ഇല്ലാതാക്കാൻ സഹായിക്കും. പുറത്തറിയുന്ന പീഡനങ്ങളിൽ ആദ്യം തന്നെ സഹായമെത്തിക്കാൻ കഴിയും. എന്നാൽ പുറത്തറിയാത്ത പീഡനങ്ങളിൽ ഒരു പക്ഷേ ഗർഭിണിയായ ശേഷമാകും നിയമത്തിന് മുന്നിലെത്തുക" എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പിതാവിന്റെ അടുത്ത ബന്ധുവാണ് നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി ഗർഭിണിയാപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആറ് മാസമായതിനാൽ നിയമപരമായി ഗർഭഛിദ്രത്തിന് അനുവാദമില്ല. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്നൻസി നിയമപ്രകാരം 20 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം നടത്താനാവില്ല.