
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമാനുമതി നൽകാനുള്ള ബി.ജെ.പി പാർലമെന്ററി ബോർഡ് ഇന്ന് വൈകുന്നേരം ചേരും. പ്രഖ്യാപനം നാളെയുണ്ടായേക്കും. കേരളത്തിൽ തയ്യാറാക്കിയ കരട് പട്ടികയുമായി ഡൽഹിയിലെത്തിയ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും നേതാക്കളും അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കളുമായി ഇന്നലെ ചർച്ച നടത്തി.വൈകിട്ട് നടക്കുന്ന കേന്ദ്ര പാർലമെന്ററി ബോർഡ് യോഗത്തിനു ശേഷം ഇന്നു രാത്രിയോ നാളെയോ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ കോർ കമ്മിറ്റി അംഗങ്ങളും പാർലമെന്ററി ബോർഡിൽ പങ്കെടുക്കും. ഇന്നലത്തെ ചർച്ചയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കേരളത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണൻ, തിരഞ്ഞെടുപ്പ് ചുമതലയുള്ള സി.എൻ. അശ്വത് നാരായൺ തുടങ്ങിയവരും പങ്കെടുത്തു.