m

 മൂക്ക് മറച്ച് ധരിക്കണം

ന്യൂഡൽഹി: വിമാനത്താവളങ്ങളിലും വിമാനത്തിലും യാത്രക്കാർ ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നെന്ന് ഉറപ്പാക്കാൻ സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് മാർഗരേഖ പുറത്തിറക്കി. മാസ്‌ക് ധരിക്കാൻ കൂട്ടാക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടും. ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

വിമാനത്തിൽ യാത്രക്കാർ മൂക്ക് മറച്ച് മാസ്‌ക് ധരിക്കണം. സാമൂഹ്യഅകലവും പാലിക്കണം. ഇത് വിമാന ജീവനക്കാർ ഉറപ്പാക്കണം. അനുസരിക്കാത്തവരെ വിമാനത്തിൽ നിന്ന് പുറത്താക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ഇളവു നൽകും.

വിമാനത്താവളങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനുള്ള ചുമതല സി.ഐ.എസ്.എഫിനാണ്. പ്രവേശന കവാടം മുതൽ യാത്രക്കാർ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. മുന്നറിയിപ്പ് ലഭിച്ചിട്ടും മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ അടുത്തിരുന്ന യാത്രക്കാരൻ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് സി.ഹരിശങ്കർ സ്വമേധയാ കേസെടുത്തിരുന്നു. വിമാന യാത്രക്കാർ മാസ്‌ക് ധരിക്കുന്നെന്ന് ഉറപ്പാക്കാൻ തുടർന്ന് കോടതി ഉത്തരവും വന്നു.