
ന്യൂഡൽഹി: മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖർ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരുന്നതിനിടെയാണ് മമതയ്ക്ക് ആശ്വാസം നൽകി യശ്വന്ത് സിൻഹയുടെ വരവ്.അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018ലാണ് സിൻഹ ബി.ജെ.പി വിട്ടത്.
ഇന്നലെ രാവിലെ മമതയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം കൊൽക്കത്ത തൃണമൂൽ ഭവനിൽ പാർട്ടി നേതാക്കളായ ഡെറിക് ഒബ്രെയ്‌ൻ, സുധീപ് ബന്ദോപാദ്ധ്യായ, സുബ്രതാ മുഖർജി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിൻഹ അംഗത്വമെടുത്തത്.
ജുഡിഷ്യറി അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനിൽപ് അപകടത്തിലെന്ന് സിൻഹ പറഞ്ഞു. കർഷക സമരം, ചൈനയുമായുള്ള സംഘർഷം തുടങ്ങിയവ കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്പേയി അഭിപ്രായൈക്യമുണ്ടാക്കിയാണ് ഭരിച്ചതെങ്കിൽ ഇപ്പോഴത്തെ സർക്കാർ അടിച്ചമർത്തലിലൂടെ വിജയം നേടാനാണ് ശ്രമിക്കുന്നത്. എൻ.ഡി.എയിലുണ്ടായിരുന്ന അകാലി ദളും ബി.ജെ.ഡിയും വിട്ടു പോയത് എന്തുകൊണ്ടാണെന്നും സിൻഹ ചോദിച്ചു.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ സിൻഹ 1990ൽ ജനതാദൾ സർക്കാരിൽ ധനമന്ത്രിയായിരുന്നു. വാജ്പേയ് സർക്കാരിൽ 1998മുതൽ 2002വരെ ധനമന്ത്രിയായും 2002 മുതൽ 2004വരെ വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.സിൻഹയുടെ മകൻ ജയന്ത്സിൻഹ ബി.ജെ.പി എംപിയാണ്.
കാണ്ഡഹാർ സംഭവം: ബന്ദിയാകാമെന്ന് മമത പറഞ്ഞെന്ന്
വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനിടെ യാത്രക്കാരുടെ മോചനത്തിന് സ്വയം ബന്ദിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച ആളാണ് മമതാ ബാനർജിയെന്ന് യശ്വന്ത് സിൻഹ. വാജ്പേയി കാബിനറ്റിൽ തനിക്കൊപ്പം മന്ത്രിയായിരുന്ന മമത തുടക്കം മുതൽ ഒരു പോരാളിയായിരുന്നുവെന്നും സിൻഹ ചൂണ്ടിക്കാട്ടി.
ഭീകരർ വിമാനം റാഞ്ചിയ ശേഷം മന്ത്രിസഭ അടിയന്തര യോഗം ചേർന്ന് അവലോകനം ചെയ്യുന്നതിനിടെയാണ് മമത സ്വയം ബന്ദിയാകാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നും സിൻഹ വെളിപ്പെടുത്തി.