
ന്യൂഡൽഹി: ഡെറാഡൂണിലേക്ക് പോയ ശതാബ‌്ദി എക്‌സ്പ്രസിൽ വൻ തീപിടിത്തം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമൊഴിവായി. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോയ ട്രെയിനിന്റെ സി-5 കോച്ചിലാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ റായ്‌വാല, കൻസ്‌റാവു സ്റ്റേഷനുകൾക്കിടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ട്രെയിൻ നിറുത്തി 35 യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം ബോഗി വേർപെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് റിപ്പോർട്ട്. പിന്നീട് യാത്ര തുടർന്ന ട്രെയിൻ വൈകിട്ട് മൂന്നുമണിക്ക് ഡെറാഡൂണിൽ എത്തിയ ശേഷം യാത്രക്കാർക്ക് മെഡിക്കൽ സഹായങ്ങളും മറ്റും നൽകിയെന്ന് റെയിൽവെ അറിയിച്ചു.