
ന്യൂഡൽഹി: കർഷക സമരം ഇനിയുമേറെ ദിവസം തുടരേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ കർഷകർ ഇഷ്ടികയും മറ്റുമുപയോഗിച്ചുള്ള സ്ഥിരം ഭവനങ്ങൾ നിർമ്മിച്ചു തുടങ്ങി. 2000ൽ അധികം കെട്ടിടങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. അഞ്ചുമാസം പിന്നിടുന്ന സമര വേദിയിൽ നൂറുകണക്കിന് കർഷകർ ചൂടും തണുപ്പും ചെറുത്ത് റോഡിലാണ് ഇത്രയും കാലം കഴിഞ്ഞത്. ഇതുമൂലം പലർക്കും അസുഖങ്ങൾ വരുന്ന സാഹചര്യത്തിലാണ് ഇഷ്ടികയും സിമന്റുമുപയോഗിച്ച് ഭിത്തി കെട്ടി താർപോളിൻ മേൽക്കൂര മേഞ്ഞ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള ഒരു വീടിന് 20000-25000 രൂപ വരെ ചെലവുണ്ട്. 25 വീടുകളാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. 2000 വീടുകൾ നിർമ്മിക്കുമെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകുന്ന കിസാൻ സോഷ്യൽ ആർമിയുടെ അനു മാലിക് പറഞ്ഞു.
പ്രതിപക്ഷം സഹായിക്കുന്നില്ലെന്ന് കർഷക നേതാക്കൾ
കർഷക സമരത്തിന് പ്രതിപക്ഷത്തു നിന്ന് ആവശ്യത്തിന് സഹായം ലഭിക്കുന്നില്ലെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത് ആരോപിച്ചു. രാജസ്ഥാനിലെ പിപായത്തിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നവംബർ വരെ തുടരുമെന്നും നരേന്ദ്ര മോദി സർക്കാർ ഉപദ്രവിക്കുമെന്ന് ഭയന്നാണ് നേതാക്കൾ വിട്ടു നിൽക്കുന്നതെന്നും ടിക്കായത്ത് പറഞ്ഞു. പലരുടെയും പേരിലുള്ള കേസുകൾ കുത്തിപ്പൊക്കുമെന്ന പേടിയാണ്. കേന്ദ്രത്തിൽ നല്ല സർക്കാർ ഉണ്ടായിരുന്നെങ്കിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ രണ്ടു വ്യക്തികളുടെ സ്ഥാപനമാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ തീരുമാന പ്രകാരം നവംബർ വരെ സമരം തുടരും. സമരത്തിന് ചെറുപ്പക്കാർ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.