
ന്യൂഡൽഹി: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കെതിരെ പ്രചാരണമാരംഭിച്ച് കിസാൻ മോർച്ച നേതാക്കൾ. നന്ദിഗ്രാമിൽ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായത്ത്, ഹന്നൻ മൊള്ള, ബൽബീർ സിംഗ് രജേവാൾ, യോഗേന്ദ്രയാദവ്, അതുൽകുമാർ അഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. കൊൽക്കത്തയിൽ കിസാൻ മോർച്ച കർഷകസമ്മേളനം സംഘടിപ്പിച്ചിരുന്നു. സിംഗൂർ, അസൻസോൾ എന്നിവിടങ്ങളിലും ഉടൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കും.
മോദി സർക്കാരിനെതിരെയാണ് തങ്ങളുടെ പ്രചാരണമെന്നും ബി.ജെ.പിക്കൊഴികെയുള്ളവർക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഏഴു ഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിയുന്നതുവരെ പ്രചാരണം തുടരും. ബി.ജെ.പിയെ തള്ളുക, ബി.ജെ.പിയെ തോൽപ്പിക്കുക' എന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ കർഷകസംഘടനകൾ വിതരണം ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ കർഷകദ്രോഹികളായ സർക്കാരാണ് കേന്ദ്രത്തിൽ ഭരിക്കുന്നതെന്ന് ഹന്നൻ മൊള്ള പറഞ്ഞു. ജാതി– മത– സാംസ്‌കാരിക വ്യത്യാസങ്ങളില്ലാതെ കർഷകർ നടത്തുന്ന ഈ പോരാട്ടം പുതിയ വഴികൾ തുറക്കുമെന്നും അന്തിമ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.