
ബി.ജെ.പി 112 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മൂന്ന് മണ്ഡലങ്ങളിൽ പ്രഖ്യാപനം പിന്നീട്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 112 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്തനം തിട്ട ജില്ലയിലെ കോന്നിയിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും മത്സരിക്കും. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട്ടും. വി. മുരളീധരൻ ഉൾപ്പെടെ പ്രമുഖരെ പരിഗണിക്കുന്നതിനാൽ കഴക്കൂട്ടം അടക്കം മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കെ. സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചതാണ്. എങ്കിലും കഴിഞ്ഞ തവണ വിജയത്തിന്റെ വക്കിലെത്തിയ മഞ്ചേശ്വരത്തെ സാദ്ധ്യത മുതലെടുക്കാൻ അവിടെയും മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പട്ടികയിൽ 12 വനിതകളുണ്ട്. 10 പേർ പട്ടികജാതിക്കാരും രണ്ടുപേർ പട്ടിക വർഗക്കാരും. തൊടുപുഴയിൽ ജനറൽ സീറ്രിലാണ് യുവമോർച്ച ജനറൽ സെക്രട്ടറി ശ്യാംരാജ് മത്സരിക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ,പ്രഖ്യാപിച്ച പട്ടികയിലില്ല. കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കഴക്കൂട്ടത്ത് കോൺഗ്രസിൽ നിന്ന് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമെന്നും അതല്ല, കേന്ദ്ര മന്ത്രി വി. മുരളീധരൻ മത്സരിക്കുമെന്നും കേൾക്കുന്നു. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് വി. മുരളീധരൻ ഇന്നലെയും ആവർത്തിച്ചു.
ഒ. രാജഗോപാൽ ബി. ജെ. പിക്ക് കന്നി വിജയം നേടിക്കൊടുത്ത നേമം സീറ്റ് നിലനിറുത്താൻ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെയാണ് നിയോഗിച്ചിരിക്കുന്നത്.എം.പിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി തൃശൂരും മുൻ കേന്ദ്രമന്ത്രിഅൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും സ്ഥാനാർത്ഥികളായി. മുൻ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തും മത്സരിക്കും. കഴിഞ്ഞ തവണ വി.എസിനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ മലമ്പുഴയിൽ തന്നെ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയ കമ്മ്യൂണിസ്റ്റും മുൻ ബി. ജെ. പി അദ്ധ്യക്ഷനുമായ സി.കെ. പത്മനാഭനെയാണ് ഇറക്കുന്നത്.ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും.
മാനന്തവാടി സീറ്റിൽ പട്ടികവിഭാഗത്തിൽ നിന്നുള്ള എൻജിനീയർ മണിക്കുട്ടനാണ് സ്ഥാനാർത്ഥി.മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലും കലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. അബ്‌ദുൾ സലാം തിരൂരിലും മത്സരിക്കും. . പട്ടികയിലെ രണ്ടാമത്തെ മുസ്ലീം സ്ഥാനാർത്ഥിയായ സത്താർ ഹാജി തിരൂരങ്ങാടിയിൽ മത്സരിക്കും.
സംസ്ഥാന നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ മണലൂരിലും എം.ടി. രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും. മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് മത്സരിക്കുമെന്നു കരുതിയ പാലായിൽ വനിതാ കമ്മിഷൻ മുൻ അംഗം ഡോ.പ്രമീളദേവിയാണ് സ്ഥാനാർത്ഥി. വക്താക്കളായ സന്ദീപ് വാര്യർക്ക് ഷൊർണൂരിലും ബി. ഗോപാലകൃഷ്ണന് ഒല്ലൂരിലും സീറ്ര് ലഭിച്ചു. കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ കോവളത്ത് ബി.ജെ.പി ചിഹ്നത്തിലാണ് മത്സരിക്കുക. കൊടുങ്ങല്ലൂരിൽ ബി.ഡി.ജെ.എസ് പട്ടികയിലുണ്ടായിരുന്നു സന്തോഷ് ബി.ജെ.പി ടിക്കറ്റിലും. സി.പി.എം ആക്രമണത്തിൽ രണ്ടുകാലും നഷ്ടപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ കൂത്തുപറമ്പിൽ മത്സരിക്കും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിന് പിന്തുണയുമായി കേരളത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ അടക്കം ഉന്നത വ്യക്തികളും പ്രശസ്‌തരും ബി.ജെ.പിയിലേക്ക് വരുന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പട്ടിക പ്രഖ്യാപിച്ച ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.