
ന്യൂഡൽഹി: 84 ദിവസത്തിനിടെ ആദ്യമായി 25 ,000 കടന്ന് പ്രതിദിന കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,320 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,13,59,048 ആയി . മഹാരാഷ്ട്ര (16,620), കേരളം (1,792) , പഞ്ചാബ് (1,510) തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.രാജ്യത്തെ 87.73 ശതമാനം രോഗികളും ഈ സംസ്ഥാനങ്ങളിലാണ്.
161 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,58,607 ആയി. കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2,10,544 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,09,89,897 പേർക്ക് ഇതുവരെ രോഗം ഭേദമായി.
ഞായറാഴ്ച രാവിലെ ഏഴ് വരെ 2.97 കോടി പേർ വാക്‌സിൻ സ്വീകരിച്ചു. വ്യാജ ക്‌സിനുകൾ നിയന്ത്രിക്കാൻ കേന്ദ്രം പ്രത്യേക മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകൻ വിശാൽ തിവാരി ഹർജി സമർപ്പിച്ചു.