
കോൺഗ്രസ് 86 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഒടുവിൽ സസ്പെൻസ് തീർന്നു. നേമത്ത് മത്സര ചിത്രം തെളിഞ്ഞു. ബി. ജെ. പിയുടെ ഏക സിറ്റിംഗ് സീറ്റിൽ അഭിമാന പോരാട്ടത്തിന് കരുത്തുറ്റ പടനായകനായി വടകര എം.പി കെ.മുരളീധരനെ തന്നെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം. പി എന്നീ വമ്പൻ പേരുകളിൽ ചുറ്റിത്തിരിഞ്ഞ ആലോചനകൾ ആദ്യം മുതൽ പരിഗണനയിലുണ്ടായിരുന്ന കെ. മുരളീധരനിൽ ഉറയ്‌ക്കുകയായിരുന്നു.
ഇതുൾപ്പെടെ 86 സീറ്റിലെ സ്ഥാനാർത്ഥികളെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഒരാഴ്ച ചർച്ച ചെയ്തിട്ടും തർക്കം തീരാത്ത കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ മുൻമന്ത്രി കെ.ബാബുവിന് തൃപ്പൂണിത്തുറയിൽ വീണ്ടും സീറ്റ് നൽകി. സിറ്റിംഗ് എം.എൽ.എമാരിൽ കെ.സി ജോസഫിന് മാത്രമാണ് സീറ്റില്ലാത്തത്. കൊല്ലത്ത് തഴയപ്പെട്ടപ്പോൾ പരസ്യമായി പൊട്ടിക്കരഞ്ഞ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ കൊല്ലത്ത് തന്നെ മത്സരിക്കും.
നേമത്ത് മത്സരിക്കാൻ മുരളീധരൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിംഗ് എം.പിമാർ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഉമ്മൻചാണ്ടി താത്പര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിന്റെ പേരിലായി ചർച്ചകൾ. പിന്നീട് പുതുപ്പള്ളിയിലെ വൈകാരിക ബന്ധം പറഞ്ഞ് സുരക്ഷിതമല്ലാത്ത നേമത്ത് നിന്ന് അദ്ദേഹം പിൻമാറി. തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലുമണി വരെ നീണ്ട ചർച്ചയിലാണ് ഹൈക്കമാൻഡ് മുരളീധരനെ തീരുമാനിച്ചത്.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ടി.സിദ്ദിഖിനും പി.സി വിഷ്ണുനാഥിനും ശേഷിക്കുന്ന ആറ് സീറ്റുകളിൽ വിജയസാദ്ധ്യതയുള്ളവ നൽകും. വട്ടിയൂർക്കാവിൽ ആദ്യം പി.സി വിഷ്ണുനാഥിനെയാണ് പരിഗണിച്ചത്. എ ഗ്രൂപ്പ് സമ്മർദ്ദത്തെ തുടർന്ന് കൊല്ലത്തേക്ക് മാറ്റി. അവിടെ നിശ്ചയിച്ചിരുന്ന ബിന്ദുകൃഷ്ണയെ കുണ്ടറയിലേക്കും വട്ടിയൂർക്കാവിൽ കെ.പി അനിൽകുമാറിനെ ഇറക്കാനുമായിരുന്നു ധാരണ. കുണ്ടറയിലേക്ക് പോകാൻ ബിന്ദുകൃഷ്ണ വിസമ്മതിക്കുകയും വിഷ്ണുനാഥിന് കൊല്ലം നൽകുന്നതിനെതിരെ പ്രതിഷേധം കനക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പ് ധാരണകളെല്ലാം പാളിയത്. ഒടുവിൽ വട്ടിയൂർക്കാവിലേക്ക് വീണ്ടും വിഷ്ണുനാഥിനെ പരിഗണിക്കുകയാണ്. രാഹുൽഗാന്ധിക്ക് വേണ്ടി വയനാട് ലോക്സഭാ മണ്ഡലം ഒഴിഞ്ഞുകൊടുത്ത ടി. സിദ്ദിഖിനെ കൽപ്പറ്റയിലും നിലമ്പൂരിലും പരിഗണിച്ചെങ്കിലും ശക്തമായ പ്രാദേശിക പ്രതിഷേധമാണ് പ്രതിസന്ധിയായത്.
ഒഴിച്ചിട്ട ആറ് മണ്ഡലങ്ങളിൽ ഇന്ന് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഈ മണ്ഡലങ്ങളിൽ തർക്കമില്ലെന്നും വിശദമായ ചർച്ച വേണ്ടതിനാലാണ് തീരുമാനം വൈകുന്നതെന്നും കെ.പി.സി.സിപ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻപറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്ന പതിവ് ഒഴിവാക്കി ഇത്തവണ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനംനടത്തിയത്.
കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് കോഴിക്കോട് നോർത്തിൽ
കഴിഞ്ഞ തവണ തോറ്റവരിൽ പ്രമുഖരായ ശിവദാസൻ നായർ ആറൻമുളയിലും ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളിയിലും എം.ലിജു അമ്പലപ്പുഴയിലും ശെൽവരാജ് നെയ്യാറ്റിൻകരയിലും
തിരുവനന്തപുരത്ത് മുൻമന്ത്രി വി.എസ് ശിവകുമാർ,
ചാത്തന്നൂരിൽ പീതാംബര കുറുപ്പ്, പത്താനാപുരത്ത് ജ്യോതികുമാർ ചാമക്കാല, കോന്നിയിൽ റോബീൻ പീറ്റർ
കെ.സി ജോസഫിൻറെ ഇരിക്കൂറിൽ കെ.സി വേണുഗോപാലിന്റെ വിശ്വസ്തൻ സജീവ് ജോസഫ്
നടൻ ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കും