jaishankar

ന്യൂഡൽഹി: കൊവിഡ് മൂലം ഗൾഫിൽ നിന്ന് മടങ്ങിയതിനാൽ ജോലി നഷ്‌ടപ്പെട്ടവരുടെ കാര്യത്തിൽ കേന്ദ്രസർക്കാർ അനുഭാവപൂർവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

എസ്. ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്‌താവനയിൽ അറിയിച്ചു. കൊവിഡ് കാലത്ത് മരുന്നും ഭക്ഷണവും വിതരണം ചെയ്‌ത ഇന്ത്യയുടെ നടപടികൾ ഓർമ്മിപ്പിച്ചുകൊണ്ട്

സുഹൃദ് രാജ്യങ്ങളോട് ഇന്ത്യക്കാരുടെ കാര്യത്തിൽ കനിവുകാട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ആശങ്കകൾ മനസിലാക്കുമെന്നാണ് കരുതുന്നത്. മടങ്ങിയെത്തിയവരുടെ ജോലിക്കാര്യത്തിന് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നു.

മടങ്ങിയെത്തിയവരിൽ കൂടുതലും മലയാളികളാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേഭാരത് ദൗത്യം വഴി ആകെ 45 ലക്ഷം ആളുകൾ നാട്ടിൽ മടങ്ങിയെത്തി. ഇതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ക്ഷേമനിധിയിൽ നിന്ന് 33.5 കോടി രൂപ ചെലവിട്ടതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

അതേസമയം, തിരികെ പോകാൻ താത്പര്യമില്ലാത്തവരുടെ കാര്യത്തിൽ കേന്ദ്രസർക്കാർ എന്തു നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡി.എം.കെ എംപി തിരുച്ചി ശിവ ചോദിച്ചു. നാട്ടിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യയനം മുടങ്ങിയ കാര്യത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് കോൺഗ്രസ് എംപി ആനന്ദ് ശർമ്മയും ആവശ്യപ്പെട്ടു.