kk

കേരളത്തിൽ എട്ടിടത്ത് എൻ.ഐ.എ റെയ്ഡ്‌

അറസ്റ്റിലായ മലയാളികളിൽ ദന്തഡോക്ടറും

ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ഭീകരസംഘടനയായ ഐസിസിലേക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ മലയാളിയായ പ്രധാന പ്രതി
മുഹമ്മദ് അമീൻ (അബു യാഹ്യ) ഉൾപ്പെടെ മൂന്നുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. അമീനിന് ഒപ്പം അറസ്റ്റിലായ രണ്ടു പേരിൽ ഒരാൾ കൊല്ലം ഓച്ചിറ മേമന സ്വദേശിയായ

ഡോ. റഹീസ് റാഷിദാണ് (30). ദന്ത ഡോക്ടറായ റഹീസിനെ ഓച്ചിറയിലെ വസതിയിൽ നിന്നാണ് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.ബി.ഡി.എസിന് പഠിച്ചത് ബംഗളൂരുവിലായിരുന്നു. ജോലി സംബന്ധമായി അവിടെയായിരുന്നു പ്രവർത്തന കേന്ദ്രം.അറസ്റ്റിലായ മൂന്നാമൻ മുഷാബ് അനുവറും മലയാളിയെന്നാണ് സൂചന. മുഹമ്മദ് അമീൻ ഡൽഹിയിലാണ് പിടിയിലായത്.

കേരളത്തിൽ ഒാച്ചിറയിലെ ഡോക്ടറുടെ വസതിയിലും മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മറ്റു ഏഴു കേന്ദ്രങ്ങളിലും എൻ. ഐ.എ ഒരേസമയം റെയ്ഡ് നടത്തി.

കണ്ണൂരിൽ താണയിൽ വാഴയിൽ അസീസിന്റെ വീട്ടിലായിരുന്നു റെയ്ഡ്.

ബംഗളൂരുവിലെ രണ്ടു കേന്ദ്രങ്ങളിലും ഡൽഹിയിലെ ജാഫ്രാബാദ് മേഖലയിലും റെയ്ഡുകൾ നടത്തി.

ലാപ് ടോപ്പ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവുകൾ, സിം കാർഡുകൾ, പ്രകോപനപരമായ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയ‌യ്ക്കും.

അറസ്റ്റിലായ മൂന്നുപേ‌ർ ഉൾപ്പെടെ ഏഴു പേരും തിരിച്ചറിയാത്ത മറ്റുചിലരുമാണ് പ്രതികൾ.

കഴിഞ്ഞവർഷം മാർച്ചിൽ ബഹ്റിനിൽ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് അമീൻ ജമ്മുകാശ്മീർ സന്ദർശിച്ചു. കഴിഞ്ഞ രണ്ടുമാസമായി ഡൽഹിയിൽ താമസിച്ച് ജമ്മുകാശ്മീരിലെ ഐസിസുകാരുമായി ബന്ധം സ്ഥാപിച്ചുവരികയായിരുന്നു.

എൻ.ഐ.എ, സ്‌പെഷ്യൽ സെൽ, ഡൽഹി പൊലീസ്, ഭീകരവിരുദ്ധ സ്‌ക്വാഡ്, കേരള പൊലീസ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

കേരളത്തിൽ ചിലരെ വധിക്കാൻ പദ്ധതി

ഡോക്ടറുടെ വീട്ടിലെ റെയ്ഡ് പുലർച്ചെ മൂന്നിന്

കൊല്ലം: ബംഗളൂരുവിലെ ദന്തഡോക്ടറായ ഓച്ചിറ മേമനയിലെ ഡോ. റഹീസിന്റെ (സച്ചു) മാറനാട്ട് വീട്ടിൽ പുലർച്ചെ മൂന്നുമണിയോടെയാണ് എൻ.ഐ. എ സംഘം എത്തിയത്. പിതാവ് റഷീദും മറ്റ് കുടുംബാംഗങ്ങളുമാണ് വീട്ടിൽ താമസം. പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഓച്ചറ പൊലീസിന്റെ സഹായം തേടിയെങ്കിലും വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.

കണ്ണൂരിൽ താണയിൽ അസീസിന്റെ വീട്ടിൽ പുലർച്ചെ നാലു മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടു. അസീസിന്റെ മക്കളുടെ പേരിലുള്ള ഒരു കോമ്പൗണ്ടിലുള്ള മൂന്ന് വീടുകളിലായിരുന്നു റെയ്ഡ്.