
ന്യൂഡൽഹി: 2008ലെ ജാമിയ നഗറിലെ ബട്ല ഹൗസ് ഏറ്റുമുട്ടൽ കേസിലെ പ്രതിയും ഇന്ത്യൻ മുജാഹിദീൻ ഭീകരനുമായ ആരിസ് ഖാന് (ജുനൈദ് – 32)വധശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. യു.പിയിലെ അസംഗഡ് സ്വദേശിയാണിയാൾ. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ച അഡിഷണൽ സെഷൻസ് ജഡ്ജി സന്ദീപ് യാദവ് പ്രതി 11 ലക്ഷം പിഴയും ഒടുക്കണമെന്ന് ഉത്തരവിട്ടു. ഇതിൽ 10 ലക്ഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഇൻസ്‌പെക്ടർ എം.സി. ശർമയുടെ കുടുംബത്തിന് നൽകാനും 103 പേജുള്ള ഉത്തരവിൽ പറയുന്നു. ആരിസിന്റെ പ്രായം പരിഗണിച്ച് വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വാദം തള്ളുകയായിരുന്നു.
ബട്‌ല ഹൗസ് കേസ്
ഡൽഹിയിലെ അഞ്ചിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയിൽ പങ്കുള്ളവർ ബട്‌ല ഹൗസിലെ ഫ്‌ളാറ്റിൽ താമസിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2008 സെപ്തംബർ 19ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഇൻസ്‌പെക്ടർ എം.സി.ശർമയുടെ നേതൃത്വത്തിലുള്ള സംഘം ബട്‌ല ഹൗസിൽ പരിശോധനയ്ക്ക് എത്തുന്നത്. പൊലീസ് സംഘത്തിന് നേരെ ബട്‌ല ഹൗസിലുണ്ടായിരുന്ന ആരിസ് ഖാൻ ഉൾപ്പെടെയുള്ള സംഘം നിറയൊഴിച്ചു. പൊലീസ് നടത്തിയ വെടിവയ്പിൽ ഭീകരരെന്നു സംശയിക്കുന്ന ആതിഫ് അമീൻ, മുഹമ്മദ് സാജിദ് എന്നിവർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇൻസ്‌പെക്ടർ ശർമ പിന്നീട് മരണത്തിന് കീഴടങ്ങി.
കേസിൽ 2010 ഏപ്രിൽ 28ന് ഷെഹ്‌സാദ് അഹമ്മദ്, ആരിസ്, ആതിഫ് അമീൻ, മുഹമ്മദ് സാജിദ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ ആതിഫ്, സാജിദ് എന്നിവർ കൊല്ലപ്പെട്ടതിനാൽ ഷെഹ്‌സാദ് മാത്രമാണ് വിചാരണ നേരിട്ടത്. ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെയുള്ള അപ്പീൽ ഹൈക്കോടതിലാണ്. ഏറ്റുമുട്ടലിനുശേഷം നേപ്പാളിൽ താമസിച്ച ആരിസ് പിന്നീട് വ്യാജ പാസ്‌പോർട്ടിൽ സൗദിയിലേക്ക് പോയി. 2017ൽ തിരിച്ചെത്തി. 2018 ൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പിടികൂടി. ഏറ്റുമുട്ടൽ വ്യാജമെന്ന് ആരോപണം ഉയർന്നെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് പൊലീസിന് അനുകൂലമായിരുന്നു.